
കോഴിക്കോട് നന്മണ്ട സ്വദേശികളായ ധന്യയും പ്രശാന്തും ഇന്ന് ഒരേയൊരു പ്രതീക്ഷയിലാണ്—അഞ്ചുവയസ്സുകാരനായ മകൻ ആശീർവാദിന് ചികിത്സ ലഭിക്കണം. അപൂർവ ജനിതകരോഗമായ ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി (DMD) ബാധിച്ച മകന്റെ ചികിത്സയ്ക്കായി ഏകദേശം 28 കോടി രൂപ ആവശ്യമായി വന്നതോടെയാണ് കുടുംബം സഹായം തേടുന്നത്. മകന്റെ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആദ്യം കോഴിക്കോട് സർക്കാർ ബീച്ച് ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കാനും പടികൾ കയറാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ തുടർ പരിശോധനകളിലാണ് ചില എൻസൈമുകളുടെ അളവ് ഉയർന്നതായി കണ്ടെത്തിയത്. പിന്നീട് ജനിതക പരിശോധന നടത്തിയപ്പോഴാണ് ആശീർവാദിന് DMD ആണെന്ന് സ്ഥിരീകരിച്ചത്. എക്സോൺ 45 ഡെലീഷനാണ് രോഗാവസ്ഥയെന്നും റിപ്പോർട്ടിൽ പറയുന്നു.
പേശികളെ ക്രമേണ ദുർബലപ്പെടുത്തുന്ന രോഗമാണ് DMD. രോഗം പുരോഗമിക്കുന്നതോടെ നടക്കാനും പടികൾ കയറാനും എഴുന്നേൽക്കാനുമുള്ള കഴിവുകളെ ബാധിക്കാം. ഹൃദയപേശികളെയും ശ്വസനപേശികളെയും രോഗം ബാധിക്കാനുള്ള സാധ്യതയുമുണ്ട്. മകന്റെ ചികിത്സയ്ക്ക് ജീൻ തെറാപ്പിയുടെ സാധ്യത പരിശോധിക്കാനാണ് കുടുംബം ശ്രമിക്കുന്നത്. യുഎഇയിലെ ആശുപത്രികളുമായി ബന്ധപ്പെട്ടപ്പോൾ, ചികിത്സയ്ക്ക് മുൻപ് AAVRh74 ആന്റിബോഡി പരിശോധന ഉൾപ്പെടെയുള്ള യോഗ്യതാ പരിശോധനകൾ ആവശ്യമായി വരുമെന്ന് അറിയിച്ചതായി ധന്യ പറയുന്നു. ഈ പരിശോധനയ്ക്കു മാത്രം ഏകദേശം രണ്ട് ലക്ഷം രൂപ ചെലവ് വരുമെന്നും കുടുംബം പറയുന്നു. ആശുപത്രിയിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് ചികിത്സാ ചെലവ് ഏകദേശം 10.65 ദശലക്ഷം ദിർഹം, അതായത് ഏകദേശം 28 കോടി രൂപ വരും.
ഇത്രയും വലിയ തുക സാധാരണ കുടുംബത്തിന് താങ്ങാനാകാത്തതാണെങ്കിലും മകന്റെ ചികിത്സയ്ക്കായി സാധ്യമായ എല്ലാ വഴികളും തേടുകയാണ് ധന്യയും പ്രശാന്തും. ഇതിനിടെയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനോട് സഹായം അഭ്യർഥിച്ച് ധന്യ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്. സമാനമായി ചികിത്സാ സഹായം തേടിയ മറ്റൊരു കുടുംബത്തിന് ലഭിച്ച സഹായത്തെക്കുറിച്ചുള്ള വാർത്തയാണ് തനിക്ക് പ്രതീക്ഷ നൽകിയതെന്ന് ധന്യ പറയുന്നു. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമായി വീഡിയോ ഇതിനകം വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അപേക്ഷ യുഎഇ ഭരണാധികാരികളുടെ ശ്രദ്ധയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അറബി ഭാഷയിലും വീഡിയോ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ധന്യ.
“എന്റെ മകനെ ചികിത്സിക്കണം…” — ധന്യയുടെ ആവശ്യം അത്രമാത്രമാണ്. കാലുകളുടെ ശക്തി നഷ്ടപ്പെടുന്നതിന് മുൻപ് ആശീർവാദിന് സാധ്യമായ ചികിത്സ ലഭിക്കണമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഒരു സഹായഹസ്തം ലഭിച്ചാൽ മകന്റെ ജീവിതത്തിൽ അത് വലിയ വഴിത്തിരിവാകുമെന്ന പ്രതീക്ഷയോടെയാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t