
malayali expat dies at saudi പ്രവാസത്തിന്റെ കൊടുംചൂടിൽ എരിഞ്ഞുതീർന്ന ആയിരക്കണക്കിന് മനുഷ്യർക്ക് ഒരുകാലത്ത് തണലും അത്താണിയുമായിരുന്ന ഒരു വലിയ മനുഷ്യൻ ഒടുവിൽ ആരോടും പരിഭവമില്ലാതെ, നിശബ്ദമായി വിടവാങ്ങി. കോഴിക്കോട് വല്ലത്തായിപാറ സ്വദേശി അബ്ദുൽ കരീം (കരീംക്ക). നാൽപ്പത് വർഷത്തെ പ്രവാസത്തിനൊടുവിൽ, സ്വന്തം കുടുംബത്തെയും നാടിനെയും ഒരുനോക്കു കാണാൻ കഴിയാതെ 17 വർഷം നീണ്ട കാത്തിരിപ്പ് ബാക്കിവെച്ചാണ് മക്കയിലെ മലയടിവാരത്തിലെ ഒരു തകരഷീറ്റ് മുറിയിൽ ആ ജീവനറ്റത്.ഒരുകാലത്ത് വിശുദ്ധ മക്കയിലെത്തുന്ന ഹജ്ജ്-ഉംറ തീർഥാടകർക്ക് കരീംക്ക കേവലം ഒരു വ്യക്തിയായിരുന്നില്ല, മറിച്ച് വലിയൊരു ആശ്രയമായിരുന്നു. വിശന്നുവലഞ്ഞെത്തുന്നവർക്ക് അന്നവും, വഴിമുട്ടി നിൽക്കുന്നവർക്ക് താമസവും നൽകാൻ അദ്ദേഹത്തിന് സ്വന്തമായി കെട്ടിടങ്ങളും സഹായികളുമുണ്ടായിരുന്നു. ഒരു ദിവസം 25 ബസുകളിൽ വരെ ആളുകൾ എത്തുമ്പോഴും യാതൊരു മുടക്കവുമില്ലാതെ അവർക്കെല്ലാം വയറുനിറയെ ഭക്ഷണവും താമസവും ഒരുക്കിക്കൊടുത്ത കരീംക്കയുടെ ഔദാര്യം അനുഭവിച്ചറിഞ്ഞ മലയാളികൾ നിരവധിയാണ്. നാട്ടിൽ നിന്നെത്തുന്ന ഏതൊരു പ്രവാസിക്കും എപ്പോഴും കടന്നുചെല്ലാവുന്ന ഒരു തുറന്ന വീടായിരുന്നു മക്കയിൽ അദ്ദേഹത്തിന്റേത്.
എന്നാൽ, ആ നല്ല മനസ്സിനു മുന്നിൽ വിധി പതുക്കെ വാതിലുകൾ ഓരോന്നായി കൊട്ടിയടച്ചു. ഹറം വികസനത്തിന്റെ ഭാഗമായി മക്കയിലെ ബഹുനില കെട്ടിടങ്ങൾ പൊളിച്ചുനീക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ ബിസിനസ്സ് അടിപതറി. ആഘാതങ്ങൾക്ക് ആക്കംകൂട്ടി കോവിഡ് മഹാമാരി കൂടിയെത്തിയതോടെ സർവ്വതും നഷ്ടമായി. സാമ്പത്തിക ബാധ്യതകളും കേസുകളും അദ്ദേഹത്തെ വരിഞ്ഞുമുറുക്കി. താമസരേഖയായ ഇഖാമ പുതുക്കാനാവാതെ വന്നതോടെ, കുടുംബത്തെയും നാടിനെയും നേരിൽ കാണാൻ കഴിയാതെ 17 വർഷത്തിലധികമാണ് അദ്ദേഹം മക്കയിൽ നിയമക്കുരുക്കുകളിൽപ്പെട്ട് കുടുങ്ങിക്കിടന്നത്.സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ട് പട്ടിണി വേട്ടയാടിയപ്പോഴും ആരെയും ബുദ്ധിമുട്ടിക്കാൻ കരീംക്ക തയ്യാറായിരുന്നില്ല. ഒരുകാലത്ത് നൂറുകണക്കിന് ആളുകൾക്ക് വിഭവസമൃദ്ധമായി വിളമ്പിയ ആ കൈകൾക്ക് ഒടുവിൽ ഒരു നേരത്തെ വിശപ്പടക്കാൻ പോലും നിവൃത്തിയില്ലാതായി. ബന്ധപ്പെടാൻ ഫോൺ നമ്പറോ മറ്റു മാർഗ്ഗങ്ങളോ ഇല്ലാതെ ഏകാന്തതയിൽ കഴിഞ്ഞ അദ്ദേഹത്തിന്, വിരലിലെണ്ണാവുന്ന ചില സുഹൃത്തുക്കൾ എത്തിച്ചുനൽകിയിരുന്ന ഭക്ഷണം മാത്രമായിരുന്നു അവസാനകാലത്തെ ഏക ആശ്രയം.
ഒരിക്കലെങ്കിലും നാടണയണമെന്ന തീവ്രമായ ആഗ്രഹം മാത്രം നെഞ്ചിലേറ്റി കഴിഞ്ഞിരുന്ന അദ്ദേഹം, ഒടുവിൽ രോഗബാധിതനായി ശരീരം തളർന്നപ്പോൾ അടുത്തുള്ള ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ചു: “തീരെ വയ്യ, ഒന്നു വരുമോ…” അതായിരുന്നു കരീംക്കയുടെ അവസാന വാക്കുകൾ. ആ വിളി കേട്ട് സുഹൃത്ത് ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. മലയടിവാരത്തിലെ, ചുട്ടുപൊള്ളുന്ന ആ ഇരുമ്പ് ഷീറ്റ് മുറിയുടെ മൂലയിൽ കരീംക്ക അപ്പോഴേക്കും നിശ്ചലനായിക്കഴിഞ്ഞിരുന്നു. മരണശേഷവും നിയമക്കുരുക്കുകൾ തടസ്സമായെങ്കിലും, സൗദി പോലീസിന്റെ സഹകരണത്തോടെയും മക്കയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂരിന്റെ ഇടപെടലിലൂടെയും നടപടികൾ വേഗത്തിലായി. നാട്ടിൽ നിന്ന് ബന്ധുക്കൾ രേഖകൾ എത്തിച്ചതോടെ കഴിഞ്ഞ ഞായറാഴ്ച മക്കയിലെ ശറായ മഖ്ബറ ഗദീമിൽ (ബ്ലോക്ക് 25, ഖബർ 23) അദ്ദേഹത്തിന് അന്ത്യവിശ്രമമൊരുക്കി. മരണവാർത്തയറിഞ്ഞ് അദ്ദേഹം താമസിച്ചിരുന്ന മുറിയിലെത്തിയവർ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. കിട്ടാനുള്ള കടങ്ങളുടെ ബാക്കിപത്രമായി എന്തെങ്കിലും കാണുമോ എന്നോർത്ത് മുറി തുറന്നുനോക്കിയവരുടെ മുന്നിൽ ആടിയുലയുന്ന ഒരു പഴയ അലമാരയും, തുരുമ്പിച്ച ഇരുമ്പ് കട്ടിലും, ഏതാനും പഴയ വസ്ത്രങ്ങളും മാത്രമാണുണ്ടായിരുന്നത്. ആയിരങ്ങൾക്ക് അത്താണിതീർത്ത ഒരു വലിയ മനസ്സിന്റെ, നാല് പതിറ്റാണ്ട് നീണ്ട പ്രവാസത്തിന്റെ ബാക്കിപത്രം അത്രമാത്രമായിരുന്നു! കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന
കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.
രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1