
വരാനിരിക്കുന്ന മഴക്കാലത്തെ നേരിടാൻ കുവൈത്ത് അഗ്നിശമന സേന ഒരുക്കിയ സുരക്ഷാ സംവിധാനങ്ങളും അടിയന്തര രക്ഷാപ്രവർത്തന സജ്ജീകരണങ്ങളും സേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ തലാൽ അൽ റൂമി നേരിട്ടെത്തി പരിശോധിച്ചു. കനത്ത മഴയെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ടുകൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സേന പൂർണ സജ്ജമാണെന്ന് അദ്ദേഹം ഉറപ്പാക്കി. മഴക്കാല രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയ വിവിധ വാഹനങ്ങളും അത്യാധുനിക ഉപകരണങ്ങളും അദ്ദേഹം വിശദമായി പരിശോധിച്ചു. വെള്ളക്കെട്ടുകൾ വേഗത്തിൽ നീക്കം ചെയ്യുന്നതിനുള്ള ഹൈഡ്രോളിക് ജലശോഷണ പമ്പുകൾ, ഉയർന്ന ശേഷിയുള്ള ഇലക്ട്രിക്, മെക്കാനിക്കൽ പമ്പുകൾ എന്നിവയും സജ്ജീകരണങ്ങളിൽ ഉൾപ്പെടുന്നു.
സാധാരണ വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത വെള്ളം കയറിയ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി പ്രത്യേക മൊബൈൽ ബോട്ടുകളും ഒരുക്കിയിട്ടുണ്ട്. വീടുകളിലും വാഹനങ്ങളിലും കുടുങ്ങുന്നവരെ വേഗത്തിൽ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള ആധുനിക സംവിധാനങ്ങളും സേന വിന്യസിച്ചിട്ടുണ്ട്.
അടിയന്തര സന്ദേശം ലഭിച്ചാൽ സമയതാമസം കൂടാതെ രക്ഷാപ്രവർത്തന മേഖലകളിൽ എത്തിച്ചേരുന്നതിനുള്ള പ്രവർത്തന പദ്ധതികളും വിവിധ ഉപകരണങ്ങളുടെ വിന്യാസവും അൽ റൂമി വിലയിരുത്തി. മഴക്കാലത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സംരക്ഷണം ഉറപ്പാക്കുന്നതിനും നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും ഓരോ ഉദ്യോഗസ്ഥനും ഏത് അടിയന്തര സാഹചര്യവും നേരിടാൻ എപ്പോഴും പൂർണ സജ്ജരായിരിക്കണമെന്ന് അദ്ദേഹം നിർദേശം നൽകി.