
യുഎഇയിൽ 2026–27 സീസണിലെ ഇൻഫ്ലുവൻസ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഫ്ലൂ വാക്സീൻ സ്വീകരിക്കേണ്ട മുൻഗണനാ വിഭാഗങ്ങളുടെ പട്ടിക വിപുലീകരിച്ചു. സ്കൂൾ വിദ്യാർഥികളെയും റമസാൻ കാലത്ത് ഹജ്ജ്, ഉംറ തീർഥാടനത്തിന് പോകുന്നവരെയും ഇത്തവണ പുതിയതായി പട്ടികയിൽ ഉൾപ്പെടുത്തി. ഗർഭിണികൾ, ആറുമാസത്തിന് മുകളിൽ പ്രായമുള്ള കുട്ടികൾ, സ്കൂൾ വിദ്യാർഥികൾ, മുതിർന്നവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ആരോഗ്യപ്രവർത്തകർ, ഹജ്ജ്–ഉംറ തീർഥാടകർ എന്നിവരാണ് ഇപ്പോൾ പ്രധാന മുൻഗണനാ വിഭാഗങ്ങൾ.
സ്കൂളുകളിൽ രോഗപ്പകർച്ച കുറയ്ക്കുന്നതിനും കുട്ടികളിൽനിന്ന് കുടുംബാംഗങ്ങളിലേക്ക് വൈറസ് പകരുന്നത് നിയന്ത്രിക്കുന്നതിനുമാണ് വിദ്യാർഥികളെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തീർഥാടന കേന്ദ്രങ്ങളിലെ വലിയ ജനത്തിരക്കും കണക്കിലെടുത്താണ് തീർഥാടകരെയും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. കുത്തിവയ്പ്പ് എടുക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി കഴിഞ്ഞ വർഷം അവതരിപ്പിച്ച മൂക്കിലൂടെ നൽകുന്ന ഫ്ലൂ വാക്സീനും ഇത്തവണ തുടരും. വാക്സീൻ സ്വീകരിച്ചതിന് ശേഷം പ്രതിരോധശേഷി രൂപപ്പെടാൻ ഏകദേശം രണ്ടാഴ്ച വേണ്ടതിനാൽ ഫ്ലൂ സീസൺ ശക്തമാകുന്നതിന് മുമ്പ് തന്നെ വാക്സീൻ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
പൊതുജനാരോഗ്യ മന്ത്രാലയം, ദുബൈ ഹെൽത്ത് അതോറിറ്റി, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ബോധവൽക്കരണ ക്യാംപെയ്ൻ നടക്കുന്നത്. 2027 മാർച്ച് 31 വരെ ക്യാംപെയ്ൻ തുടരും. ആശുപത്രികൾക്ക് പുറമെ സ്കൂളുകളിലും മാളുകളിലും ഫ്ലൂ വാക്സീനെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തമാക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t