വിമാനം കാത്ത് മണിക്കൂറുകൾ…! ദുബൈ–അബുദാബി വിമാനത്താവളങ്ങളിൽ വീണ്ടും സർവീസ് വൈകൽ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം!

ദുബൈയിലെയും അബുദാബിയിലെയും വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളിലെ കാലതാമസം തുടരുന്നു. ഞായറാഴ്ച മാത്രം 170ലേറെ വിമാനങ്ങൾ വൈകിയതിന് പിന്നാലെ ഇന്നലെയും നിരവധി സർവീസുകൾ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തു. അബുദാബിയിൽനിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമുള്ള സർവീസുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങളെയാണ് വൈകൽ ബാധിച്ചത്. കൊളംബോ സർവീസിനും ഇത്തിഹാദിന്റെ ഷാർലറ്റ്, ബോസ്റ്റൺ സർവീസുകൾക്കും കാലതാമസം നേരിട്ടു. ഞായറാഴ്ച ദുബൈ വിമാനത്താവളത്തിൽ 122 സർവീസുകളും സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 51 സർവീസുകളുമാണ് വൈകിയത്. ദുബൈ–ബഹ്റൈൻ റൂട്ടിലെ ഫ്ലൈദുബൈ സർവീസുകളായ FZ23, FZ24 എന്നിവയും റദ്ദാക്കിയിരുന്നു.

വ്യോമപാതയിലെ നിയന്ത്രണങ്ങളും യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക പ്രശ്നത്തിന്റെ പ്രത്യാഘാതങ്ങളുമാണ് നിലവിലെ തടസ്സങ്ങൾക്ക് കാരണമാകുന്നതെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. യാത്രയ്ക്കായി വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് സ്വന്തം സർവീസിന്റെ സ്ഥിതി ഉറപ്പാക്കണമെന്ന് യാത്രക്കാർക്ക് നിർദേശമുണ്ട്. വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളും മൊബൈൽ ആപ്പുകളും പരിശോധിക്കുന്നതിനൊപ്പം ഇമെയിൽ, എസ്എംഎസ് എന്നിവ വഴി ലഭിക്കുന്ന അറിയിപ്പുകളും ശ്രദ്ധിക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version