
സിവിൽ അറ്റകുറ്റപ്പണികളും റോഡ് ടാറിങ് ജോലികളും നടക്കുന്നതിനാൽ അൽ സിദ്ദീഖ് മേഖലയിലെ സ്ട്രീറ്റ് 102, സ്ട്രീറ്റ് 103 എന്നിവിടങ്ങളിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ സഹകരണത്തോടെയാണ് നിയന്ത്രണം നടപ്പാക്കുന്നത്. സെപ്റ്റംബർ 13 ഞായറാഴ്ച മുതൽ സെപ്റ്റംബർ 27 ഞായറാഴ്ച വരെയാണ് നിയന്ത്രണം നിലവിലുണ്ടാകുക.
റോഡുകളുടെ അറ്റകുറ്റപ്പണിയും ടാറിങ് ജോലികളും ഈ കാലയളവിൽ പൂർത്തിയാക്കുന്നതിനാണ് നടപടി. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്യരുതെന്ന് അധികൃതർ നിർദേശിച്ചു. കൂടാതെ, ജോലികൾ നടക്കുന്ന ഭാഗങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചു.
റോഡ് ഉപയോക്താക്കളുടെയും തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും നിർദേശങ്ങളോട് സഹകരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഗതാഗത നിയന്ത്രണം മൂലമുണ്ടാകുന്ന അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച മന്ത്രാലയം, അറ്റകുറ്റപ്പണികൾ സുഗമമായി പൂർത്തിയാക്കാൻ പൊതുജനങ്ങൾ നൽകുന്ന സഹകരണത്തിന് നന്ദിയും അറിയിച്ചു.