
ഹിജ്റ വർഷം 1448ലെ റബീഉൽ ആഖിർ (റബീഉഥാനി) മാസത്തിന് യുഎഇയിൽ ഇന്ന് (സെപ്റ്റംബർ 13) തുടക്കമായി. റബീഉൽ അവ്വൽ 30 പൂർത്തിയാക്കിയതിന് പിന്നാലെയാണ് പുതിയ ഹിജ്റ മാസം ആരംഭിച്ചത്. യുഎഇ ഫത്‌വ കൗൺസിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചന്ദ്രപ്പിറവി സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങളും രാജ്യത്തെ പ്രത്യേക ശാസ്ത്ര സ്ഥാപനങ്ങളുടെയും നിരീക്ഷണ കേന്ദ്രങ്ങളുടെയും വിവരങ്ങളും വിലയിരുത്തിയ ശേഷമാണ് കൗൺസിൽ പുതിയ മാസത്തിന്റെ തുടക്കം സ്ഥിരീകരിച്ചത്.
ഇസ്‌ലാമിക കലണ്ടറിലെ നാലാമത്തെ മാസമായ റബീഉൽ ആഖിർ ആരംഭിച്ചതോടെ വിശുദ്ധ റമസാനിലേക്കുള്ള കാത്തിരിപ്പിനും തുടക്കമായി. നിലവിലെ ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം 2027 ഫെബ്രുവരി 8ഓടെ യുഎഇയിൽ റമസാൻ ആരംഭിക്കാനാണ് സാധ്യത. എന്നാൽ റമസാന്റെ ഔദ്യോഗിക തുടക്കം ചന്ദ്രപ്പിറവി സ്ഥിരീകരിച്ചതിന് ശേഷമായിരിക്കും തീരുമാനിക്കുക.
റമസാൻ അടുക്കുന്നതോടെ രാജ്യത്തെ വിശ്വാസികൾ വ്രതാനുഷ്ഠാനത്തിനും പ്രാർഥനകൾക്കും ദാനധർമങ്ങൾക്കും മറ്റ് ആത്മീയ പ്രവർത്തനങ്ങൾക്കുമുള്ള ഒരുക്കങ്ങളിലേക്ക് കടക്കും.