
ശനിയാഴ്ച യുഎഇയിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം അനുഭവപ്പെടാം. ഉച്ചയ്ക്ക് ശേഷം കിഴക്കൻ, തെക്കൻ മേഖലകളിൽ മേഘസാന്നിധ്യം വർധിക്കാനും സാധ്യതയുണ്ട്.
രാജ്യത്ത് താപനില പരമാവധി 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. അബുദാബിയിലും ദുബായിലും 42 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്താൻ സാധ്യതയുണ്ട്. രാത്രിയിൽ അബുദാബിയിൽ കുറഞ്ഞ താപനില 30 ഡിഗ്രിയും ദുബായിൽ 29 ഡിഗ്രിയുമായിരിക്കും.
പുലർച്ചെ 4.43 മുതൽ രാവിലെ 8.30 വരെ മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ അധികൃതർ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത് ദൃശ്യപരിധി ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. രാത്രിയിലും ഞായറാഴ്ച രാവിലെയും തീരപ്രദേശങ്ങളിലും ചില ഉൾപ്രദേശങ്ങളിലും അന്തരീക്ഷ ഈർപ്പം വർധിക്കും. ഇതിന്റെ ഭാഗമായി മൂടൽമഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാനും സാധ്യതയുണ്ട്. അബുദാബിയിൽ ഈർപ്പം 30 മുതൽ 90 ശതമാനം വരെയും ദുബായിൽ 25 മുതൽ 85 ശതമാനം വരെയും ആയിരിക്കുമെന്നാണ് പ്രവചനം.
കാറ്റ് പൊതുവെ നേരിയതോ മിതമായതോ ആയിരിക്കും. ഇടയ്ക്കിടെ ശക്തമാകുന്ന കാറ്റിന് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാം. സാധാരണ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കും.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും ചില സമയങ്ങളിൽ മിതമായ പ്രക്ഷുബ്ധത അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും NCM അറിയിച്ചു.