
വിമാനത്താവളത്തിലെ ചെക്ക്-ഇൻ, ഇമിഗ്രേഷൻ, സുരക്ഷാ പരിശോധന തുടങ്ങി യാത്രക്കാർക്ക് ഏറെ സമയം ചെലവാകുന്ന നടപടികൾ പരമാവധി ഒഴിവാക്കി പുതിയൊരു യാത്രാനുഭവം ഒരുക്കാനുള്ള പദ്ധതിയുമായി ദുബായ്. ഭാവിയിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടിക്കറ്റ് എടുത്തതിന് ശേഷം പാസ്‌പോർട്ട് പുറത്തെടുക്കേണ്ടതില്ലെന്നും സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽനിന്ന് ലാപ്ടോപ്പോ ദ്രാവകങ്ങളോ പുറത്തെടുക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.
ദുബായ് വേൾഡ് സെൻട്രലിൽ വികസിപ്പിക്കുന്ന അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ച് സംസാരിക്കവെയാണ് ദുബായ് എയർപോർട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ് ഈ ആശയം പങ്കുവച്ചത്. യാത്രക്കാർക്ക് തങ്ങൾ ഒരു വിമാനത്താവളത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പോലും അനുഭവപ്പെടാത്ത തരത്തിലുള്ള സംവിധാനമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ യാത്രക്കാരുടെ ആവശ്യമായ വിവരങ്ങൾ ഡിജിറ്റലായി ശേഖരിക്കും. വിമാനത്താവളത്തിലെത്തിയ ശേഷം ബാഗേജ് കൈമാറിയാൽ മറ്റ് നടപടികൾക്കായി പ്രത്യേകം കൗണ്ടറുകളിൽ നിൽക്കാതെ യാത്രക്കാരന് മുന്നോട്ട് പോകാനാകും. ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന ക്യാമറകളും ഉപയോഗിച്ച് യാത്രക്കാരെ തിരിച്ചറിയുന്നതിനൊപ്പം അവർ യാത്ര ചെയ്യുന്ന വിമാനവും സംവിധാനത്തിന് മനസ്സിലാക്കാനാകും. ഇതോടെ ഇമിഗ്രേഷൻ ഘട്ടത്തിൽ പാസ്‌പോർട്ട് പുറത്തെടുക്കേണ്ടതില്ലാത്ത രീതിയിലേക്ക് നടപടികൾ മാറും.
ബാഗേജ് കൈകാര്യം ചെയ്യുന്നതിലും വലിയ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നത്. ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്ന പേപ്പർ ടാഗുകൾക്ക് പകരം ഓരോ സ്യൂട്ട്‌കേസിനും പ്രത്യേക ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം കൊണ്ടുവരണമെന്നാണ് ഗ്രിഫിത്ത്സിന്റെ നിലപാട്. വാഹനങ്ങൾക്ക് VIN നമ്പർ നൽകുന്നതുപോലെ ഓരോ ബാഗിനും സ്ഥിരമായ ഡിജിറ്റൽ ഐഡന്റിറ്റി നൽകുന്ന സംവിധാനമാണ് പരിഗണിക്കുന്നത്. യാത്രക്കാരൻ ബാഗേജ് കറൗസലിലെത്തുന്നതിന് മുമ്പുതന്നെ അവരുടെ സ്യൂട്ട്‌കേസ് ആവശ്യമായ സ്ഥലത്ത് എത്തിക്കുന്ന സാങ്കേതികവിദ്യയും വികസിപ്പിച്ചുവരികയാണ്. സുരക്ഷാ പരിശോധനയ്ക്കിടെയുള്ള നടപടികളും കൂടുതൽ സൗകര്യപ്രദമാക്കും. ഭാരമുള്ള ബാഗുകൾ ഉയർത്തി കൺവെയർ ബെൽറ്റിൽ വയ്ക്കേണ്ട രീതിക്ക് പകരം, യാത്രക്കാരൻ നടക്കുന്നതിനിടെ താഴ്ന്ന നിലയിലുള്ള ബെൽറ്റിൽ കൈബാഗേജ് വയ്ക്കാനും മറുവശത്ത് നിന്ന് അത് എടുക്കാനും കഴിയുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്.
പുതിയ തലമുറ സുരക്ഷാ സ്കാനറുകൾ ഉപയോഗിക്കുന്നതോടെ ലാപ്ടോപ്പുകളും ദ്രാവകങ്ങളും ബാഗിൽനിന്ന് പുറത്തെടുക്കേണ്ട ആവശ്യവും ഒഴിവാക്കാനാണ് പദ്ധതി. നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളമായ DXBയുടെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റാനാണ് തീരുമാനം. ആദ്യഘട്ട പ്രവർത്തനങ്ങൾ 2032ൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പൂർണമായി പ്രവർത്തനസജ്ജമായാൽ വർഷത്തിൽ 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി അൽ മക്തൂം മാറും.
റെയിൽ മാർഗം വിമാനത്താവളത്തിലെത്തുന്നവർക്കും സമാനമായ തടസ്സരഹിത യാത്രാനുഭവം നൽകാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. ഇതിനായി ദുബായ് എയർപോർട്സ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി (RTA) ചർച്ചകൾ നടത്തുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ യാത്രക്കാർക്ക് പ്രത്യേക ചെക്ക്-ഇൻ തടസ്സങ്ങളില്ലാതെ ലൗഞ്ചുകളിലേക്കും ഷോപ്പുകളിലേക്കും റെസ്റ്റോറന്റുകളിലേക്കും നീങ്ങാൻ കഴിയുന്ന രീതിയിലാണ് ഭാവി സംവിധാനം വിഭാവനം ചെയ്യുന്നത്. വിമാനത്തിൽ നിന്ന് ഏകദേശം 50 മീറ്റർ പരിധിക്കുള്ളിൽ തന്നെ ഇത്തരം സൗകര്യങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t