
യുഎഇയിൽ സുരക്ഷാ കാരണങ്ങളാൽ 5,612 ജീപ്പ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. സ്റ്റിയറിങ് സംവിധാനത്തിലെ സാങ്കേതിക തകരാറും തീപിടിത്തത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് വാഹനങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. 2021 മുതൽ 2025 വരെയുള്ള മോഡൽ വർഷങ്ങളിലെ ജീപ്പ് റാങ്ക്ളർ, ജീപ്പ് ഗ്ലാഡിയേറ്റർ വാഹനങ്ങളെയാണ് റീകോൾ ബാധിക്കുക. ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും ഔദ്യോഗിക വിതരണക്കാരായ അൽ ഫുതൈം ഗ്രൂപ്പിന്റെ ട്രേഡിങ് എന്റർപ്രൈസസ്, യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയവുമായി സഹകരിച്ചാണ് സുരക്ഷാ പരിശോധനയും ആവശ്യമായ അറ്റകുറ്റപ്പണികളും നടത്തുന്നത്.
വാഹനങ്ങളിലെ ഇലക്ട്രോ-ഹൈഡ്രോളിക് പവർ സ്റ്റിയറിങ് പമ്പിന്റെ വയറിങ് കണക്ഷനിലെ തകരാറാണ് പ്രധാന പ്രശ്നം. ഇതുമൂലം കണക്ഷനിൽ അമിതമായ വൈദ്യുത പ്രതിരോധം ഉണ്ടാകാനും സ്റ്റിയറിങ് സംവിധാനം പെട്ടെന്ന് പ്രവർത്തനരഹിതമാകാനും സാധ്യതയുണ്ട്. അതോടൊപ്പം, അമിതമായി ചൂടാകുന്ന സാഹചര്യം ഉണ്ടായാൽ സമീപത്തുള്ള വസ്തുക്കളിലേക്ക് തീ പടരാനും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഡ്രൈവർമാർ ശ്രദ്ധിക്കണം
വാഹനം ഓടിക്കുന്നതിനിടെ ഡാഷ്ബോർഡിൽ മുന്നറിയിപ്പ് ലൈറ്റ് തെളിയുകയോ സ്റ്റിയറിങ് തിരിക്കാൻ പെട്ടെന്ന് ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്താൽ ഡ്രൈവർമാർ പ്രത്യേക ജാഗ്രത പാലിക്കണം. റീകോൾ ബാധിച്ച വാഹനങ്ങളുടെ ഉടമകളെ ട്രേഡിങ് എന്റർപ്രൈസസ് നേരിട്ട് ബന്ധപ്പെടും. അംഗീകൃത സർവീസ് സെന്ററുകളിൽ വാഹനത്തിന്റെ വയറിങ്, സ്റ്റിയറിങ് പമ്പ് എന്നിവ പരിശോധിക്കുകയും ആവശ്യമായ മാറ്റങ്ങളും അറ്റകുറ്റപ്പണികളും പൂർണമായും സൗജന്യമായി നടത്തുകയും ചെയ്യും.
ബാധിച്ച വാഹനങ്ങളെക്കുറിച്ചും പരിശോധനാ നടപടികളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്കായി ഉടമകൾ ട്രേഡിങ് എന്റർപ്രൈസസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.