
ഷാർജയിലെ ഫ്ലാറ്റിൽ കസഖിസ്ഥാൻ സ്വദേശികളായ രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതികളുടെ അതേ രാജ്യക്കാരനായ യുവാവാണ് പിടിയിലായത്. ശാസ്ത്രീയ അന്വേഷണവും ഇന്റലിജൻസ് വിവരശേഖരണവും ആധുനിക വിവരവിശകലന സംവിധാനങ്ങളും ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിയിലേക്ക് എത്താൻ പൊലീസിന് കഴിഞ്ഞു. കൊല്ലപ്പെട്ട യുവതികളും പ്രതിയും തമ്മിൽ വ്യക്തിബന്ധമുണ്ടായിരുന്നുവെന്നും ഇവർക്കിടെയുണ്ടായ തർക്കമാണ് ഒടുവിൽ ഇരട്ടക്കൊലയിൽ കലാശിച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. ഒരു റസിഡൻഷ്യൽ അപാർട്മെന്റിൽ ഗുരുതരമായ കുറ്റകൃത്യം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഷാർജ പൊലീസിന്റെ ക്രിമിനൽ അന്വേഷണ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.
അപകടസ്ഥലം സൂക്ഷ്മമായി പരിശോധിക്കുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്താണ് അന്വേഷണം മുന്നോട്ടുപോയത്. ലഭിച്ച വിവരങ്ങളും തെളിവുകളും വിശദമായി വിശകലനം ചെയ്തതോടെ പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനും സാധിച്ചതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ വ്യക്തമാക്കി.
20 ഉം 22 ഉം വയസ്സുള്ള സഹോദരിമാരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ ദിവസങ്ങൾക്ക് ശേഷം ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷത്തിൽ താഴെയായി യുഎഇയിൽ താമസിച്ചിരുന്ന ഇരുവരും ബ്യൂട്ടി സലൂണിൽ ജോലി ചെയ്തുവരികയായിരുന്നു. ഓഗസ്റ്റ് 17 മുതൽ ഇവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് കുടുംബം ദുബായിലെ കസഖിസ്ഥാൻ കോൺസുലേറ്റിലും പൊലീസിലും പരാതി നൽകിയിരുന്നു. തുടർന്ന് ഓഗസ്റ്റ് 28-ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ സ്വദേശത്തേക്ക് അയച്ചു. കേസുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ഷാർജ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t