“വരൂ ദുബായ് കാണാം”; പ്രവാസികൾക്ക് പ്രിയപ്പെട്ടവരെ ക്ഷണിക്കാൻ പുതിയ അവസരം!

യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് വിദേശത്തുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബായിലേക്ക് ക്ഷണിക്കാൻ അവസരമൊരുക്കിയ ‘എ ദുബായ് ഇൻവൈറ്റ്’ പദ്ധതിയുടെ രജിസ്ട്രേഷൻ പൂർത്തിയായതായി ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. പ്രവാസികളിൽ നിന്ന് വൻ സ്വീകാര്യത ലഭിച്ച പദ്ധതിയിലേക്ക് 90,000-ത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. ജൂലൈ 20-ന് ആരംഭിച്ച പദ്ധതിയുടെ ജനപ്രീതി കണക്കിലെടുത്ത് പങ്കാളി സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതിയുടെ ശേഷി മൂന്നിരട്ടിയിലേറെ വർധിപ്പിച്ചിരുന്നു. ഇതുവരെ 30,000-ത്തിലധികം ആനുകൂല്യ പാക്കേജുകൾ വിതരണം ചെയ്തു. പുതിയ രജിസ്ട്രേഷനുകൾ അവസാനിപ്പിച്ചെങ്കിലും അവസാന ഘട്ടത്തിന് മുമ്പ് വിജയകരമായി രജിസ്റ്റർ ചെയ്തവർക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. രജിസ്റ്റർ ചെയ്ത യോഗ്യരായ സന്ദർശകർക്ക് 2026 ഒക്ടോബർ 31 വരെ ദുബായിലേക്ക് എത്താം.

യുഎഇക്ക് പുറത്തുനിന്ന് നേരിട്ട് ദുബായിലെത്തുന്നവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ ഏകീകൃത സംവിധാനത്തിലൂടെ സന്ദർശകരുടെ ദുബായ് പ്രവേശനം സ്ഥിരീകരിക്കും. സന്ദർശകർ ദുബായിലെത്തി 72 മണിക്കൂറിനകം അപേക്ഷകർക്ക് ആനുകൂല്യ പാക്കേജുകൾ ലഭ്യമാക്കും. ഈ പാക്കേജുകൾ 2026 ഡിസംബർ 31 വരെ പദ്ധതിയിലെ പങ്കാളി സ്ഥാപനങ്ങളിൽ ഉപയോഗിക്കാം.

ഹോട്ടലുകൾ, റസ്റ്ററന്റുകൾ, വിനോദകേന്ദ്രങ്ങൾ, ഗതാഗത സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിലാണ് ആനുകൂല്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച് സ്വന്തം അനുഭവങ്ങളിലൂടെ ദുബായിയെ അടുത്തറിയാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
200-ഓളം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ താമസിക്കുന്ന ദുബായിൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്ന തരത്തിലുള്ള ടൂറിസത്തിന് വലിയ സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ ശുപാർശകളിലൂടെ കൂടുതൽ സന്ദർശകരിലേക്ക് ദുബായിയുടെ വിനോദസഞ്ചാര സാധ്യതകൾ എത്തിക്കാനാണ് ‘എ ദുബായ് ഇൻവൈറ്റ്’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version