
യുഎഇയിലെ സ്വദേശികളും പ്രവാസികളും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുബായ് എത്തിഹാദ് റെയിൽവേ സ്റ്റേഷൻ സെപ്റ്റംബർ 30-ന് പ്രവർത്തനമാരംഭിക്കും. ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, സ്റ്റേഷന്റെ സമീപപ്രദേശങ്ങളായ അൽ ഫുർജാനും ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സും ആവേശത്തിലാണ്. അൽ ഫുർജാനിൽ താമസിക്കുന്ന ജിതിൻ-നടാഷ ദമ്പതികളുടെ ഏഴ് വയസ്സുകാരനായ മകൻ നയേൽ കഴിഞ്ഞ ഏതാനും മാസങ്ങളായി അപ്പാർട്ട്മെന്റിന്റെ ജനലിലൂടെ സ്റ്റേഷൻ നിർമ്മാണം പടിപടിയായി പുരോഗമിക്കുന്നത് കൗതുകത്തോടെ നോക്കിനിൽക്കുകയായിരുന്നു. സ്റ്റേഷൻ തുറക്കുന്നതോടെ അബുദാബിയിലുള്ള ബന്ധുക്കളെ കാണാൻ ട്രെയിനിൽ യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.
“റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ഇനി കൂടുതൽ തവണ അബുദാബിയിലേക്ക് പോകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്,” നടാഷ പറഞ്ഞു. അതേസമയം, എത്തിഹാദ് റെയിലിന്റെ വരവ് ദുബായിലെ പ്രോപ്പർട്ടി വിപണിയിലും വലിയ ചലനമുണ്ടാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിലെ വില്ലകളുടെ വില കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ മൂന്നിരട്ടിയോളം വർധിച്ചുവെന്ന് ഈ മേഖലയിലെ പ്രോപ്പർട്ടി രംഗത്ത് പ്രവർത്തിക്കുന്ന അഞ്ജലി സുമൻ പറയുന്നു. എട്ട് വർഷം മുമ്പ് 60 ലക്ഷം ദിർഹത്തിന് ലഭ്യമായിരുന്ന ചില വില്ലകൾക്ക് ഇന്ന് 1.8 കോടി ദിർഹത്തിലധികം വിലയുണ്ട്.
ദുബായ് മെട്രോ റെഡ് ലൈൻ, എത്തിഹാദ് റെയിൽ, വരാനിരിക്കുന്ന ഗോൾഡൻ ലൈൻ എന്നിവയുടെ സാമീപ്യമാണ് പ്രദേശത്തെ പ്രോപ്പർട്ടി മൂല്യവർധനയ്ക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. ദുബായ് മെട്രോ സ്റ്റേഷനെയും എത്തിഹാദ് റെയിലിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണവും അവസാനഘട്ടത്തിലാണെന്നാണ് വിവരം. ഫുജൈറ ഉൾപ്പെടെയുള്ള എമിറേറ്റുകളിലേക്കുള്ള യാത്രയും റെയിൽ സർവീസ് ആരംഭിക്കുന്നതോടെ കൂടുതൽ എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ട്രെയിനിലൂടെ പ്രകൃതിഭംഗിയും പർവതനിരകളും ആസ്വദിച്ച് യാത്ര ചെയ്യാനാകുമെന്നതാണ് പ്രവാസിയായ മുഹമ്മദ് ഫാറൂഖിനെ ആവേശത്തിലാക്കുന്നത്.
ഈദ് അവധിക്കാലത്ത് ഫുജൈറയിലേക്കുള്ള യാത്രയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങിയ അനുഭവം ഉണ്ടായിരുന്നെന്നും, റെയിൽ സർവീസ് ആരംഭിക്കുന്നതോടെ ഇത്തരം യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷന്റെ വരവ് അൽ ഫുർജാൻ മേഖലയിലെ ഹ്രസ്വകാല താമസസൗകര്യങ്ങളുടെ ആവശ്യകതയും വർധിപ്പിച്ചിട്ടുണ്ട്. സന്ദർശകരെ ലക്ഷ്യമിട്ട് സർവീസ് അപ്പാർട്ട്മെന്റുകളുടെയും ഷോർട്ട്-ടേം റന്റൽ സംവിധാനങ്ങളുടെയും എണ്ണം മേഖലയിൽ കൂടിവരുകയാണ്.
എന്നാൽ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രദേശത്തെ വാഹനത്തിരക്ക് വർധിക്കുമോയെന്ന ആശങ്കയും ചില താമസക്കാർ പങ്കുവയ്ക്കുന്നുണ്ട്. മറുവശത്ത്, ഷാർജ, ഫുജൈറ, അബുദാബി തുടങ്ങിയ എമിറേറ്റുകളിലേക്കുള്ള യാത്രയ്ക്ക് റോഡ് മാർഗത്തിന് മികച്ചൊരു ബദലായി എത്തിഹാദ് റെയിൽ മാറുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ച് അബുദാബിയിൽ ജോലി ചെയ്യുകയും ദുബായിൽ താമസിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് റെയിൽ സർവീസ് വലിയ ആശ്വാസമാകും. സെപ്റ്റംബർ 30-ഓടെ യുഎഇയുടെ യാത്രാ സംവിധാനത്തിലും ദുബായുടെ ഗതാഗത ചരിത്രത്തിലും പുതിയൊരു അധ്യായം തുറക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും താമസക്കാരും.