Dubai RTA new highway; 30 മിനിറ്റ് യാത്ര ഇനി വെറും 10 മിനിറ്റിൽ! ദുബായിൽ വൻ ഹൈവേ വരുന്നു

Dubai RTA new highway; ദുബായിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനുമായി 116 കോടിയിലധികം ദിർഹം (Dh1.161 billion) ചെലവിൽ പുതിയ വൻകിട റോഡ് പദ്ധതി പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). അൽ മെയ്ദാൻ സ്ട്രീറ്റ് വികസിപ്പിക്കുന്നതിനായി രണ്ട് പ്രധാന കരാറുകൾ ആർടിഎ അനുവദിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും അൽ ഖൈൽ റോഡിനും സമാന്തരമായി ഒരു തന്ത്രപ്രധാനമായ പാതയായിട്ടാണ് ഇത് വികസിപ്പിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ വടക്ക്-തെക്ക് ദിശയിലുള്ള ഗതാഗത ശേഷി 18 ശതമാനം വർദ്ധിക്കും. പ്രധാന റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ബദൽ റൂട്ടുകൾ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ പാത വരുന്നതോടെ ദുബായിലെ ചില പ്രധാന റൂട്ടുകളിലെ യാത്രാസമയത്തിൽ വലിയ കുറവുണ്ടാകും. അൽ മനാമ സ്ട്രീറ്റ്, ദുബായ്-അൽ ഐൻ റോഡ് എന്നിവയ്ക്കും ഉമ്മു സുഖീം സ്ട്രീറ്റിനും ഇടയിലുള്ള യാത്രാസമയം നിലവിലെ 30 മിനിറ്റിൽ നിന്ന് വെറും 10 മിനിറ്റായി കുറയും. അതായത് ഏകദേശം 66 ശതമാനം സമയം ലാഭിക്കാൻ യാത്രക്കാർക്ക് സാധിക്കും.

2028 അവസാനത്തോടെ പൂർത്തിയാകുന്ന ഈ പദ്ധതിയിൽ 17 കിലോമീറ്റർ റോഡുകളും 3.7 കിലോമീറ്റർ നീളത്തിൽ പാലങ്ങളും ഉൾപ്പെടുന്നു. കൂടാതെ ദുബായിലെ നിലവിലുള്ള സൈക്ലിംഗ് നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുന്ന പ്രത്യേക സൈക്ലിംഗ് ട്രാക്കുകളും ഇതിന്റെ ഭാഗമായി നിർമ്മിക്കും. ഈ പുതിയ പാത അഞ്ചു ലക്ഷത്തിലധികം താമസക്കാർക്ക് നേരിട്ട് പ്രയോജനകരമാകും. രണ്ട് ഘട്ടങ്ങളിലായിട്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ് മുതൽ ഉമ്മു സുഖീം സ്ട്രീറ്റ് വരെയുള്ള ഭാഗങ്ങളും അൽ മറാബിയ സ്ട്രീറ്റിലെ വികസനവുമാണ് ഉൾപ്പെടുന്നത്. രണ്ടാം ഘട്ടത്തിൽ അൽ മെയ്ദാൻ സ്ട്രീറ്റ് മുതൽ മസ്‌കറ്റ് സ്ട്രീറ്റ് വരെയുള്ള ഭാഗങ്ങൾ വികസിപ്പിക്കും. മണിക്കൂറിൽ 14,400 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള അത്യാധുനികമായ പാലങ്ങളും മൾട്ടി-ലെവൽ ഇന്റർചേഞ്ചുകളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. ദുബായിലെ നഗര-സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനാണ് ഈ പദ്ധതിയെന്ന് ആർടിഎ ഡയറക്ടർ ജനറൽ മത്തർ അൽ തായർ പറഞ്ഞു. ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ശൃംഖല ദുബായ് ഹിൽസ്, നാദ് അൽ ഷെബ, മുഹമ്മദ് ബിൻ റാഷിദ് ഗാർഡൻസ്, അൽ ബരാരി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് വലിയ ആശ്വാസമാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version