ടിക്കറ്റ് വില കുത്തനെ താഴേക്ക്! ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ ഇതിലും നല്ല ‘ലക്കി ടൈം’ വേറെയില്ല!

വേനലവധി കഴിഞ്ഞ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പ്രവാസികൾക്ക് ആശ്വാസവാർത്ത. ഓഗസ്റ്റ് അവസാന വാരത്തിലെ ഉയർന്ന നിരക്കുകളെ അപേക്ഷിച്ച് സെപ്റ്റംബർ പകുതിയോടെ വിമാന ടിക്കറ്റ് നിരക്കിൽ 64 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബർ 13-ന് ശേഷമുള്ള ദിവസങ്ങളിൽ യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് ഒരാൾക്ക് 1,600 ദിർഹം വരെ, അതായത് ഏകദേശം 36,000 രൂപയുടെ ലാഭം ലഭിക്കാനിടയുണ്ട്. ഇന്ത്യയിലെ പ്രധാന ആറ് നഗരങ്ങളിൽ നിന്നുള്ള യുഎഇയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകളുടെ നിരക്ക് പരിശോധിക്കുമ്പോൾ ഓഗസ്റ്റ് 30-നെ അപേക്ഷിച്ച് സെപ്റ്റംബർ 13-ന് ടിക്കറ്റ് നിരക്കിൽ 49 മുതൽ 64 ശതമാനം വരെ കുറവുണ്ട്. ശരാശരി 2,089 ദിർഹമായിരുന്ന നിരക്ക് 894 ദിർഹമായി താഴ്ന്നതായാണ് കണക്കുകൾ.

ബെംഗളൂരുവിൽ ഏറ്റവും വലിയ ഇടിവ്

ഏറ്റവും വലിയ വിലക്കുറവ് രേഖപ്പെടുത്തിയത് ബെംഗളൂരുവിൽ നിന്നുള്ള സർവീസുകളിലാണ്. ഓഗസ്റ്റ് 30-ന് 2,513 ദിർഹം വരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് സെപ്റ്റംബർ 13-ന് 914 ദിർഹമായി കുറഞ്ഞു. ഒരാൾക്ക് ഏകദേശം 1,600 ദിർഹത്തിന്റെ ലാഭമാണ് ഇതിലൂടെ ലഭിക്കുക. കേരളത്തിൽ നിന്നുള്ള പ്രവാസികൾക്കും നിരക്കിടിവ് ആശ്വാസമാകുന്നു. കൊച്ചിയിൽ നിന്ന് ഓഗസ്റ്റ് 30-ന് 2,272 ദിർഹമായിരുന്ന ടിക്കറ്റ് നിരക്ക് സെപ്റ്റംബർ 13-ന് 1,057 ദിർഹമായി കുറഞ്ഞു. ഏകദേശം 53 ശതമാനത്തിന്റെ കുറവാണിത്. കോഴിക്കോട്–യുഎഇ റൂട്ടിലും നിരക്ക് 2,285 ദിർഹത്തിൽ നിന്ന് 1,070 ദിർഹമായി താഴ്ന്നു. ഇതിലൂടെ 1,200 ദിർഹത്തിലധികം ലാഭിക്കാൻ യാത്രക്കാർക്ക് സാധിക്കും.

ഡൽഹി, ഹൈദരാബാദ്, മുംബൈ റൂട്ടുകളിലും ആശ്വാസം

ഡൽഹിയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് 2,227 ദിർഹത്തിൽ നിന്ന് 825 ദിർഹമായും, ഹൈദരാബാദിൽ നിന്ന് 1,777 ദിർഹത്തിൽ നിന്ന് 758 ദിർഹമായും കുറഞ്ഞു. മുംബൈയിൽ നിന്ന് 1,460 ദിർഹമായിരുന്ന നിരക്ക് 739 ദിർഹമായി താഴ്ന്നു. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി കുടുംബങ്ങൾ കൂട്ടത്തോടെ യുഎഇയിലേക്ക് മടങ്ങുന്ന വേനലവധി തിരക്ക് ഓഗസ്റ്റ് അവസാനത്തോടെ കുറയുന്നതാണ് നിരക്കിടിവിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.

എന്നാൽ ഈ ആശ്വാസനിരക്ക് അധികകാലം തുടരുമെന്ന് ഉറപ്പില്ലെന്ന് ട്രാവൽ രംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നു. ദുബായിലെ വിവിധ മേളകളും പ്രധാന പരിപാടികളും ആരംഭിക്കുന്നതോടെയും ശൈത്യകാല ടൂറിസം സീസൺ അടുത്തെത്തുന്നതോടെയും ഒക്ടോബറിൽ വിമാന ടിക്കറ്റ് നിരക്ക് വീണ്ടും ഉയരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തിരക്ക് ഒഴിവാക്കി സെപ്റ്റംബർ പകുതിയോടെ യാത്ര ആസൂത്രണം ചെയ്യാൻ കഴിയുന്നവർക്ക് ടിക്കറ്റ് നിരക്കിൽ വലിയൊരു തുക ലാഭിക്കാനുള്ള മികച്ച അവസരമാണ് ഇപ്പോഴുള്ളത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *