
ഓണാഘോഷത്തിനിടെ മൂന്ന് വയസ്സുകാരിയായ മലയാളി കുരുന്നിന് ദുബായ് പൊലീസിൽ നിന്ന് ലഭിച്ച അപ്രതീക്ഷിത സ്നേഹസമ്മാനം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പൊലീസിനെ കണ്ടപ്പോൾ ആദ്യം അൽപം പേടിച്ച് മാറിനിന്ന കുഞ്ഞിനെ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ച് ജ്യൂസ് സമ്മാനിക്കുകയും നെറുകയിൽ സ്നേഹമുത്തം നൽകുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ ഹൃദയസ്പർശിയായ പെരുമാറ്റമാണ് വീഡിയോയിൽ നിറയുന്നത്. ഖിസൈസിലെ അൽ തവാർ പാർക്കിന് സമീപമായിരുന്നു സംഭവം. കൊല്ലം സ്വദേശിയായ ജോമോൻ ജോണിയും ഭാര്യ ലിൻസിയും മക്കളായ ജൊഹാനയും മൂന്ന് വയസ്സുകാരി ജന്മയും ഓണം ആഘോഷിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് ഈ മനോഹര നിമിഷം അരങ്ങേറിയത്.
പട്ടുപാവാടയണിഞ്ഞ്, തലയിൽ മുല്ലപ്പൂ ചൂടി, കൈയിൽ പൂക്കൂടയുമായി നിൽക്കുകയായിരുന്ന ജന്മയുടെ സമീപത്തേക്ക് ദുബായ് പൊലീസിന്റെ ജീപ്പ് എത്തുകയായിരുന്നു. പൊലീസിനെ കണ്ടാൽ കുഞ്ഞിന് അൽപം പേടിയാണെന്ന് അമ്മ ലിൻസി ഉദ്യോഗസ്ഥനോട് പറഞ്ഞതോടെയാണ് അവിസ്മരണീയമായ ആ ഓണസമ്മാനത്തിന് തുടക്കമായത്. ജീപ്പിൽ നിന്ന് പുറത്തിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ കൈയിൽ ജ്യൂസുമായി കുഞ്ഞിനെ അടുത്തേക്ക് വിളിച്ചു. ആദ്യം അൽപം മടിച്ചുനിന്ന ജന്മ പിന്നീട് ഉദ്യോഗസ്ഥന്റെ അടുത്തെത്തി. ജ്യൂസ് സമ്മാനിച്ച ശേഷം കുഞ്ഞിന്റെ നെറുകയിൽ സ്നേഹത്തോടെ മുത്തമിട്ടതോടെ പേടിച്ചുനിന്ന കുരുന്നിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.
ഈ മനോഹര നിമിഷങ്ങൾ അച്ഛൻ ജോമോൻ ജോണി ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. പങ്കുവെച്ച് രണ്ട് ദിവസത്തിനുള്ളിൽ തന്നെ വീഡിയോ 10 മില്യണിലധികം ആളുകൾ കണ്ടതായും റിപ്പോർട്ടുണ്ട്. കുഞ്ഞിന്റെ നിഷ്കളങ്കതയും ദുബായ് പൊലീസുകാരന്റെ സ്നേഹവും കരുതലും നിറഞ്ഞ പെരുമാറ്റവും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടി. ഓണദിനത്തിൽ അപ്രതീക്ഷിതമായി ലഭിച്ച ഈ സ്നേഹസമ്മാനം ജന്മയ്ക്കും കുടുംബത്തിനും ഒരിക്കലും മറക്കാനാകാത്ത ഓർമയായി മാറി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t