
കുവൈത്തിൽ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടികളാണ് സ്വീകരിക്കുന്നത്. നിലവിലെ നിയമപ്രകാരം നേരിട്ട് ചുമത്തുന്ന പിഴ 75 ദിനാറാണെങ്കിലും കേസ് കോടതിയിലെത്തിയാൽ പിഴ 150 മുതൽ പരമാവധി 300 ദിനാർ വരെ ഉയരാം. കൂടാതെ, നിയമലംഘകർക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷയും ലഭിക്കാമെന്ന് ഗതാഗത വിഭാഗം പൊതു സമ്പർക്ക വിഭാഗം മേധാവി മേജർ ഷാഹിൻ അൽ ഗരീബ് വ്യക്തമാക്കി.
പിഴ ചുമത്തപ്പെട്ടാൽ നിലവിലെ നടപടിക്രമമനുസരിച്ച് അനുരഞ്ജന ഉത്തരവ് വഴി ഉടൻ തന്നെ പിഴ അടച്ച് കേസ് തീർപ്പാക്കാൻ സാധിക്കും. എന്നാൽ റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങൾ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തി കൈകാര്യം ചെയ്യും. ഇത്തരം കേസുകൾ ട്രാഫിക് കോടതിയിലേക്ക് മാറ്റുന്നതിനാൽ അനുരഞ്ജന ഉത്തരവ് വഴി തീർപ്പാക്കാൻ കഴിയില്ലെന്നും അൽ ഗരീബ് വിശദീകരിച്ചു.
പുതിയ ഗതാഗത നിയമം പിഴ ഈടാക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതല്ലെന്നും, അപകടങ്ങൾക്കും അതുവഴിയുണ്ടാകുന്ന മരണങ്ങൾക്കും പരിക്കുകൾക്കും കാരണമാകുന്ന അപകടകരമായ ഡ്രൈവിംഗ് ശീലങ്ങൾ നിയന്ത്രിക്കുകയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.