കുവൈറ്റിൽ വ്യാപക പരിശോധന; കേബിളുകളും വാഹന ഭാഗങ്ങളും മോഷ്ടിച്ചവരടക്കം 45 പേർ പിടിയിൽ

കുവൈറ്റിലെ ജലീബ് അൽ ഷുയൂഖിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ 45 പേർ പിടിയിലായി. മേഖലയിൽ മോഷണം, തീപിടിത്തം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ വർധിക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പിടിയിലായവരിൽ ഒമ്പത് പേർ ഇലക്ട്രിക്കൽ കേബിളുകൾ, ചെമ്പ്, ഇരുമ്പ്, വാഹനങ്ങളുടെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിലെ ഭാഗങ്ങൾ, സ്ത്രീകളുടെ ആഭരണങ്ങൾ എന്നിവ മോഷ്ടിക്കുന്ന സംഘത്തിൽപ്പെട്ടവരാണെന്ന് അധികൃതർ വ്യക്തമാക്കി. മറ്റു 36 പേർ സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയ കേസുകളുമായി ബന്ധപ്പെട്ടാണ് പിടിയിലായത്.

നിയമവിരുദ്ധ ഗർഭധാരണവുമായി ബന്ധപ്പെട്ട കേസുകളിൽ തിരയപ്പെട്ടിരുന്ന രണ്ട് സ്ത്രീകളും പിടിയിലായവരിലുണ്ട്. ഇവരെ തുടർനടപടികൾക്കായി മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗത്തിന് കൈമാറി. പരിശോധനയ്ക്കിടെ ഒരാളിൽ നിന്ന് ക്രിസ്റ്റൽ മെത്ത് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും കണ്ടെത്തി. മറ്റൊരാളെ പുകയില ഉത്പന്നങ്ങൾ കൈവശം വെച്ചതിനും പിടികൂടി.

പിടിയിലായവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാടുകടത്തൽ ഉത്തരവുള്ളവർക്കെതിരെ ആവശ്യമായ റിപ്പോർട്ടുകൾ തയ്യാറാക്കിവരികയാണ്.

മോഷണവും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമായി പ്രശ്നബാധിത മേഖലകളിൽ സുരക്ഷാ പരിശോധനകളും ഫീൽഡ് ഓപ്പറേഷനുകളും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *