“ഓണപ്പൊലിമയിൽ ഭാഗ്യച്ചിരി; ബിഗ് ടിക്കറ്റിൽ മലയാളി നഴ്സുൾപ്പെടെ നാല് പ്രവാസികൾക്ക് ഭാഗ്യ സമ്മാനം!”

ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ വാരാന്ത്യ ഇ-നറുക്കെടുപ്പിൽ നാല് ഇന്ത്യൻ പ്രവാസികൾക്ക് ഭാഗ്യം. മലയാളികളായ മണികണ്ഠൻ മോഹനനും തോമസ് വർഗീസിനുമൊപ്പം മുഹമ്മദ് സാഹിർ, സാജിദ് ഖാൻ എന്നിവരും സമ്മാനാർഹരായി. വിജയികളായ ഓരോരുത്തർക്കും 25,000 ദിർഹം വീതമാണ് സമ്മാനമായി ലഭിച്ചത്. ഇന്ത്യൻ രൂപയിൽ ഇത് ആറര ലക്ഷത്തിലധികം വരും.

39കാരനായ നഴ്സ് മണികണ്ഠൻ മോഹനന് ബിഗ് ടിക്കറ്റിലെ രണ്ടാം ശ്രമത്തിലാണ് സമ്മാനം ലഭിച്ചത്. നേരത്തെ ഒരിക്കൽ മാത്രം പങ്കെടുത്തിരുന്ന അദ്ദേഹം ഇത്തവണ അബുദാബി വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് കൗണ്ടറിലെത്തിയാണ് ടിക്കറ്റ് സ്വന്തമാക്കിയത്. യാദൃച്ഛികമായി തിരഞ്ഞെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ച വിവരം അറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയെന്ന് മണികണ്ഠൻ പറഞ്ഞു. സമ്മാനത്തുക നിലവിൽ ബാങ്കിൽ നിക്ഷേപമായി സൂക്ഷിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

കഴിഞ്ഞ 20 വർഷമായി യുഎഇയിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുന്ന തോമസ് വർഗീസിന് വർഷങ്ങളായുള്ള ബിഗ് ടിക്കറ്റ് പങ്കാളിത്തത്തിനൊടുവിലാണ് ഭാഗ്യം തെളിഞ്ഞത്. സുഹൃത്തുക്കളായ നാലുപേരടങ്ങുന്ന സംഘമായാണ് ഇത്തവണ അദ്ദേഹം ടിക്കറ്റ് എടുത്തത്. വിജയവിവരം അറിയിക്കാൻ അധികൃതർ നേരിട്ട് വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്നും തത്സമയ സംപ്രേഷണത്തിൽ സ്വന്തം പേര് കണ്ടപ്പോഴാണ് വിവരം ഉറപ്പായതെന്നും തോമസ് പറഞ്ഞു. സമ്മാനത്തുകയിലെ തന്റെ വിഹിതം നാട്ടിലുള്ള കുടുംബത്തിന് അയച്ചുകൊടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

290-094275 എന്ന നമ്പറിലുള്ള ഓൺലൈൻ ടിക്കറ്റിലൂടെയാണ് മുഹമ്മദ് സാഹിർ സമ്മാനം നേടിയത്.

പുണെ സ്വദേശിയും ബിസിനസുകാരനുമായ 56കാരനായ സാജിദ് ഖാൻ കഴിഞ്ഞ 33 വർഷമായി യുഎഇയിലാണ്. വർഷങ്ങളായി ഒറ്റയ്ക്ക് ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിച്ചിരുന്നെങ്കിലും ബിഗ് ടിക്കറ്റിൽ ആദ്യമായാണ് അദ്ദേഹത്തിന് സമ്മാനം ലഭിക്കുന്നത്. പ്രതിവാര നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചെന്ന വിവരം അറിഞ്ഞത് വലിയ അദ്ഭുതമായിരുന്നുവെന്ന് സാജിദ് പറഞ്ഞു. സമ്മാനത്തുക ഉപയോഗിച്ച് മക്കളോടൊപ്പം മികച്ചൊരു അവധിക്കാല യാത്ര നടത്താനാണ് അദ്ദേഹത്തിന്റെ പദ്ധതി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version