യുഎഇയിൽ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

യുഎഇയിലെ ഉമ്മുൽ ഖുവൈനിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം അടിമലത്തുറ സ്വദേശി പത്രോസിന്റെ മകൻ ജൈസൺ (35) ആണ് മരിച്ചത്.
തൊഴിലാളികളുമായി അജ്മാനിൽ നിന്ന് ഉമ്മുൽ ഖുവൈനിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന കമ്പനിയുടെ പാസഞ്ചർ വാഹനമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നാലുപേർ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാൻ റോഡരികിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടസമയത്ത് 14 പേർ വാഹനത്തിലുണ്ടായിരുന്നു. മുൻസീറ്റിൽ ഇരിക്കുകയായിരുന്ന ജൈസണാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ ഉമ്മുൽ ഖുവൈൻ ശൈഖ് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അജ്മാനിലെ ഒരു കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു ജൈസൺ. മെച്ചപ്പെട്ട ജീവിതം ലക്ഷ്യമിട്ട് അടുത്തിടെയാണ് ഭാര്യ ലില്ലിയെ അജ്മാനിലേക്ക് കൊണ്ടുവന്നത്. ഭാര്യയ്ക്ക് അജ്മാനിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ലഭിച്ചതിനെ തുടർന്ന് വിസ നടപടികൾ പുരോഗമിച്ചുവരികയായിരുന്നു.
ജൈസണിന് മൂന്നരയും ആറും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മാതാവ് മറിയദാസി. ജോൺസണും സിസ്റ്റർ മറിയവുമാണ് സഹോദരങ്ങൾ. സലാം പാപ്പിനിശ്ശേരി ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കി. മരണപ്പെട്ട ജൈസന്റെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റുള്ളവർ സുഖം പ്രാപിച്ചുവരുന്നതായാണ് വിവരം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version