
Sharjah Public Transport; പൊതുഗതാഗത മേഖലയിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബസുകളിലും ടാക്സികളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്യാമറകൾ സ്ഥാപിച്ച് ഷാർജ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കുക, റോഡിലെ അപകടങ്ങളും തടസ്സങ്ങളും മുൻകൂട്ടി കണ്ടെത്തുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (SRTA) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഓരോ ഇന്റർസിറ്റി ബസുകളിലും വാഹനത്തിന് അകത്തും പുറത്തുമായി പത്തോളം എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവ റോഡിലെ സാഹചര്യങ്ങളും യാത്രക്കാരുടെ നീക്കങ്ങളും ഡ്രൈവർമാരുടെ ശ്രദ്ധയും ഒരേസമയം നിരീക്ഷിക്കും. ടാക്സികളിൽ റോഡും വാഹനത്തിന്റെ ഉൾഭാഗവും പൂർണ്ണമായി ദൃശ്യമാകുന്ന രീതിയിൽ അഞ്ച് സ്മാർട്ട് ക്യാമറകളാണ് ഘടിപ്പിച്ചിട്ടുള്ളത്.
എഐ സംവിധാനത്തിന്റെ പ്രത്യേകതകൾ
- റോഡിലെ തടസ്സങ്ങളും കാൽനടയാത്രക്കാരെയും തിരിച്ചറിയുന്നു.
- വശങ്ങളിലൂടെയുള്ള അപകടകരമായ ഓവർടേക്കിംഗ് കണ്ടെത്തുന്നു.
- ഡ്രൈവർമാരുടെ പെരുമാറ്റം വിശകലനം ചെയ്യുകയും യാത്രക്കാരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നു.
- അപകടങ്ങൾ നടന്നാലോ യാത്രക്കാർ സാധനങ്ങൾ വാഹനത്തിൽ മറന്നുവെച്ചാലോ തത്സമയ മുന്നറിയിപ്പുകൾ നൽകുന്നു.
അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷിത ഗതാഗത സംവിധാനം ഒരുക്കുകയാണ് ലക്ഷ്യമെന്ന് എസ്ആർടിഎ (SRTA) ചെയർമാൻ യൂസഫ് ഖമീസ് അൽ ഒത്മാനി പറഞ്ഞു. ‘കുടുംബ വർഷ’ത്തിന്റെ ഭാഗമായി കുടുംബങ്ങൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ യാത്രാ സാഹചര്യം ഒരുക്കുന്നത് ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടങ്ങളുണ്ടായാൽ ഉടനടി നടപടികൾ സ്വീകരിക്കാനും പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കാനും ഈ സ്മാർട്ട് ക്യാമറകൾ സഹായിക്കുമെന്ന് ട്രാൻസ്പോർട്ട് അഫയേഴ്സ് ഡയറക്ടർ അബ്ദുൽ അസീസ് മുഹമ്മദ് അൽ ജർവാൻ വ്യക്തമാക്കി. ഷാർജയെ സ്മാർട്ട് സിറ്റിയായി ഉയർത്തുന്നതിന്റെയും യാത്രക്കാർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിന്റെയും ഭാഗമായാണ് ഈ പദ്ധതിയെന്നും അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t