
കുവൈത്തിലെ ജാബർ അൽ അഹമ്മദ് ആശുപത്രിയിൽ സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പെൺകുട്ടിയുടെ കാലിന്റെ മുൻഭാഗത്ത് വ്യാപിച്ചിരുന്ന അർബുദ മുഴ നീക്കം ചെയ്യുന്നതിനൊപ്പം കാലിന്റെ പ്രവർത്തനം പരമാവധി നിലനിർത്താനും ഡോക്ടർമാർക്ക് സാധിച്ചു. പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി, ബോൺ ട്യൂമർ സർജറി, ഓർത്തോപീഡിക്സ്, അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധർ ഉൾപ്പെട്ട മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. മുഴ നീക്കം ചെയ്യുന്നതിനിടെ കാലിന്റെ മുൻഭാഗത്തെ പ്രധാന മസിലുകളും ചലനത്തിന് സഹായിക്കുന്ന ടിഷ്യൂകളും നീക്കം ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു. ഇതോടെ കാലുയർത്താനും സാധാരണ രീതിയിൽ നടക്കാനും ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യതയുണ്ടായിരുന്നു.
ട്യൂമർ നീക്കം ചെയ്തതിന് പിന്നാലെ ‘ഫ്രോസൺ സെക്ഷൻ’ എന്ന ത്വരിത ഹിസ്റ്റോളജി പരിശോധന നടത്തി. നീക്കം ചെയ്ത ഭാഗത്തിന്റെ അതിരുകളിൽ കാൻസർ കോശങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പുനർനിർമാണ ശസ്ത്രക്രിയ ആരംഭിച്ചത്. കാലിന്റെ പ്രവർത്തനം വീണ്ടെടുക്കുന്നതിനായി Peroneus longus മസിൽ കാലിന്റെ മുൻഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. കൂടാതെ നാഡികൾ തമ്മിൽ വീണ്ടും ബന്ധിപ്പിക്കുന്ന ശസ്ത്രക്രിയയും നടത്തി. വലിയ തോതിൽ നഷ്ടപ്പെട്ട മൃദുടിഷ്യൂകൾ രക്തക്കുഴലുകളുമായി ബന്ധിപ്പിച്ച പ്രത്യേക Flap സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുനർനിർമിച്ചത്. ഇതിലൂടെ അർബുദ മുഴ പൂർണമായി നീക്കം ചെയ്യുന്നതിനൊപ്പം കാലിന്റെ ചലനശേഷിയും പ്രവർത്തനക്ഷമതയും പരമാവധി സംരക്ഷിക്കുകയായിരുന്നു മെഡിക്കൽ സംഘത്തിന്റെ ലക്ഷ്യം. സങ്കീർണമായ ട്യൂമർ ശസ്ത്രക്രിയയും അതോടൊപ്പം തന്നെ നടത്തിയ പുനർനിർമാണ നടപടികളും വിജയകരമായി പൂർത്തിയാക്കാനായത് ജാബർ അൽ അഹമ്മദ് ആശുപത്രിയുടെ ചികിത്സാ രംഗത്തെ ശ്രദ്ധേയ നേട്ടമായി.