Online Scams in UAE; സൈബർ ചതിക്കുഴികൾ! വ്യാജ വെബ്‌സൈറ്റുകൾക്കും പരസ്യങ്ങൾക്കുമെതിരെ ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പോലീസ്

Online Scams in UAE; യുഎഇയിൽ സോഷ്യൽ മീഡിയ പരസ്യങ്ങൾ വഴിയും വ്യാജ വെബ്‌സൈറ്റുകൾ വഴിയുമുള്ള ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. പ്രമുഖ ബ്രാൻഡുകളുടെയും ഔദ്യോഗിക സ്ഥാപനങ്ങളുടെയും ഒർജിനലിനെ വെല്ലുന്ന രീതിയിലുള്ള വ്യാജ പ്ലാറ്റ്‌ഫോമുകൾ നിർമ്മിച്ചാണ് തട്ടിപ്പുകാർ ആളുകളെ കെണിയിൽ വീഴ്ത്തുന്നത്. ഒരു വെബ്‌സൈറ്റ് അഡ്രസ്സിലെ ഒരു അക്ഷരത്തിലോ ഡൊമൈൻ പേരിലോ ഉള്ള ചെറിയ വ്യത്യാസം പോലും തിരിച്ചറിയാൻ കഴിയാത്ത വിധം കൃത്യമായാണ് ഇത്തരം വ്യാജ സൈറ്റുകൾ നിർമ്മിക്കുന്നത്. ധൃതിയിൽ പണമിടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കൾ ഇത്തരം ചെറിയ മാറ്റങ്ങൾ ശ്രദ്ധിക്കാതെ പോകുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന് ദുബായ് പോലീസ് ആന്റി ഫ്രോഡ് സെന്റർ ഡയറക്ടർ ഹമദ് ഉബൈദ് അൽ സുവൈദി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യയും വ്യാജ ഫോൺ കോളുകളും ഉപയോഗിച്ച് തട്ടിപ്പുകൾ കൂടുതൽ വിശ്വസനീയമാക്കാൻ സംഘങ്ങൾ ഇപ്പോൾ ശ്രമിക്കുന്നുണ്ട്. സാങ്കേതിക വിദ്യയെക്കുറിച്ച് അറിവില്ലാത്തവരെയും വേഗത്തിൽ സേവനങ്ങൾ ആഗ്രഹിക്കുന്നവരെയുമാണ് ഇവർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. സോഷ്യൽ മീഡിയയിൽ കാണുന്നതോ മെസേജുകളായി ലഭിക്കുന്നതോ ആയ ലിങ്കുകളുടെ ഉറവിടം പരിശോധിക്കാതെ ബാങ്ക് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ പങ്കുവെക്കരുതെന്ന് പോലീസ് കർശന നിർദ്ദേശം നൽകി. പണമിടപാടുകൾക്ക് മുൻപ് ഗുണഭോക്താവിന്റെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ എടുക്കുന്ന ഏതാനും സെക്കൻഡുകൾ വലിയൊരു ചതിയിൽ നിന്ന് നിങ്ങളെ രക്ഷിച്ചേക്കാം. തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടാൽ സമയം പാഴാക്കാതെ ഉടൻ തന്നെ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ബാങ്ക് അക്കൗണ്ടുകൾ ഉടൻ സുരക്ഷിതമാക്കുകയും ദുബായ് പോലീസിന്റെ ഇ-ക്രൈം (e-Crime) പ്ലാറ്റ്‌ഫോം വഴിയോ സ്മാർട്ട് പോലീസ് സ്റ്റേഷൻ വഴിയോ പരാതി നൽകുകയും വേണം. പരാതി നൽകാൻ ദിവസങ്ങളോളം കാത്തിരിക്കുന്നത് പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന് അൽ സുവൈദി വ്യക്തമാക്കി. സംശയാസ്പദമായ വെബ്‌സൈറ്റുകളെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും കുറിച്ച് പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും ഡിജിറ്റൽ അവബോധം വളർത്തുന്നതിലൂടെ മാത്രമേ ഇത്തരം തട്ടിപ്പുകളെ ഫലപ്രദമായി തടയാൻ സാധിക്കൂ എന്നും അധികൃതർ ഓർമ്മിപ്പിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version