
Dubai New Bridge; ദുബായ് വേൾഡ് ട്രേഡ് സെന്റർ ഭാഗത്തെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമായി പുതിയ പാലം വെള്ളിയാഴ്ച തുറക്കുന്നു. ട്രേഡ് സെന്ററിൽ നിന്നും വൺ സെൻട്രലിൽ നിന്നും പുറപ്പെടുന്ന വാഹനങ്ങൾക്ക് ഇനി വെറും രണ്ട് മിനിറ്റിൽ അൽ മുസ്തഖ്ബൽ സ്ട്രീറ്റിൽ എത്താം. മുൻപ് ഇതിനായി 10 മിനിറ്റോളം സമയമായിരുന്നു എടുത്തിരുന്നത്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) നിർമ്മിച്ച 500 മീറ്റർ നീളമുള്ള ഈ പാലത്തിൽ രണ്ട് വരികളാണുള്ളത്. പ്രധാന എക്സിബിഷനുകളും സമ്മേളനങ്ങളും നടക്കുമ്പോൾ ഈ ഭാഗത്തുണ്ടാകാറുള്ള വൻ തിരക്ക് ഒഴിവാക്കാൻ പുതിയ പാത സഹായിക്കും. 63.3 കോടി ദിർഹം (Dh633 million) മുടക്കി നടപ്പിലാക്കുന്ന അൽ മുസ്തഖ്ബൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമാണിത്. പദ്ധതി പൂർത്തിയാകുന്നതോടെ അൽ മുസ്തഖ്ബൽ സ്ട്രീറ്റിലൂടെ മണിക്കൂറിൽ 8,800 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും. നിലവിൽ ഇത് 6,600 ആണ്. ദുബായ് വേൾഡ് ട്രേഡ് സെന്റർ, ഡിഐഎഫ്സി (DIFC), സാബീൽ, ഡൗൺടൗൺ ദുബായ്, ബിസിനസ് ബേ എന്നിവിടങ്ങളിലെ താമസക്കാർക്കും സന്ദർശകർക്കും ഈ മാറ്റം വലിയ ഗുണം ചെയ്യും. ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനായി 2027 ഫെബ്രുവരിയോടു കൂടി 1,500 മീറ്റർ നീളമുള്ള മൂന്ന് ടണലുകൾ കൂടി ഈ ഭാഗത്ത് തുറക്കും. കൂടാതെ, അൽ സുക്കൂക്ക് സ്ട്രീറ്റിൽ പുതിയ നടപ്പാലം, സൈക്ലിംഗ് ട്രാക്ക്, കാൽനടയാത്രക്കാർക്കുള്ള പ്രത്യേക പാതകൾ എന്നിവയും സജ്ജമാക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ ഷെയ്ഖ് റാഷിദ് റോഡിൽ നിന്ന് സെക്കൻഡ് ഡിസംബർ സ്ട്രീറ്റിലേക്കുള്ള മറ്റൊരു പാലം കൂടി തുറക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മത്തർ അൽ തായർ അറിയിച്ചു. വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ 85 ശതമാനവും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ ഊദ് മേത്ത, അൽ അസായൽ റോഡ് വികസന പദ്ധതികളും പൂർണ്ണമായും തുറന്നുകൊടുക്കും. ഇതോടെ യാത്രാ സമയം പകുതിയോളം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t