
2027ലെ പൊതു അവധികൾ മുൻകൂട്ടി അറിയുന്നത് യുഎഇയിലെ താമസക്കാർക്ക് യാത്രകളും അവധിക്കാല പദ്ധതികളും നേരത്തെ തയ്യാറാക്കാൻ സഹായിക്കും. മതപരവും ദേശീയവുമായ വിവിധ അവസരങ്ങളിലായി വർഷത്തിൽ നിരവധി പൊതു അവധികളാണ് യുഎഇയിൽ ലഭിക്കുക. എന്നാൽ, ഈദുൾ ഫിത്തർ, ഈദുൾ അദ്ഹ, ഹിജ്രി പുതുവർഷം, പ്രവാചക ജന്മദിനം തുടങ്ങിയ പ്രധാന അവധികളുടെ തീയതികൾ ഹിജ്രി കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ ചന്ദ്രക്കല ദർശനത്തിനനുസരിച്ച് മാറാൻ സാധ്യതയുണ്ട്. അതിനാൽ താഴെ പറയുന്ന തീയതികൾ പ്രതീക്ഷിക്കുന്ന തീയതികളാണ്.
പുതുവത്സര ദിനം – ജനുവരി 1
2027ലെ ആദ്യ പൊതു അവധി ജനുവരി 1 വെള്ളിയാഴ്ച പുതുവത്സര ദിനത്തോടനുബന്ധിച്ചായിരിക്കും.
വെള്ളിയാഴ്ചയ്ക്കുശേഷം ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യ അവധിയായതിനാൽ പല ജീവനക്കാർക്കും തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും. ജനുവരി 4 തിങ്കളാഴ്ചയായിരിക്കും വർഷത്തിലെ ആദ്യ പ്രവൃത്തിദിനം.
ഈദുൽ ഫിത്തർ – 3 അല്ലെങ്കിൽ 4 ദിവസം
റമദാൻ മാസത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. ശവ്വാൽ മാസത്തിലെ ആദ്യ മൂന്ന് ദിവസങ്ങളാണ് യുഎഇയിലെ ഔദ്യോഗിക ഈദ് അവധി.
ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം 2027ലെ റമദാൻ ഫെബ്രുവരി 8 തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
റമദാൻ 29 ദിവസം പൂർത്തിയാകുകയാണെങ്കിൽ മാർച്ച് 9 മുതൽ 11 വരെയായിരിക്കും ഈദ് അവധി. റമദാൻ 30 ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിൽ മാർച്ച് 9 മുതൽ 12 വരെ നാല് ദിവസത്തെ അവധി ലഭിക്കും.
വാരാന്ത്യ അവധിയുമായി തീയതികൾ ഒത്തുചേരുന്ന സാഹചര്യത്തിൽ ദീർഘമായ അവധിക്കാലവും ലഭിച്ചേക്കാം.
അറഫാ ദിനവും ഈദുൽ അദ്ഹയും – 4 ദിവസം
ദുൽഹിജ്ജ മാസത്തിലെ ഒമ്പതാം ദിവസമായ അറഫാ ദിനവും തുടർന്ന് വരുന്ന ഈദുൽ അദ്ഹയുടെ മൂന്ന് ദിവസങ്ങളും ചേർന്നാണ് നാല് ദിവസത്തെ പൊതു അവധി.
പ്രതീക്ഷിക്കുന്ന തീയതി: 2027 മേയ് 15 ശനി മുതൽ മേയ് 18 ചൊവ്വ വരെ.
ദുൽഹിജ്ജ മാസത്തിലെ ചന്ദ്രക്കല ദർശനത്തെ ആശ്രയിച്ച് തീയതിയിൽ മാറ്റമുണ്ടാകാം.
ഹിജ്രി പുതുവർഷം – 1 ദിവസം
മുഹറം മാസത്തിലെ ആദ്യ ദിവസമാണ് ഇസ്ലാമിക പുതുവർഷമായി ആചരിക്കുന്നത്.
പ്രതീക്ഷിക്കുന്ന തീയതി: 2027 ജൂൺ 6 ഞായർ.
ചന്ദ്രക്കല ദർശനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീയതി സ്ഥിരീകരിക്കുക.
പ്രവാചക ജന്മദിനം – 1 ദിവസം
റബീഉൽ അവ്വൽ മാസത്തിലെ 12-ാം ദിവസമാണ് പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മദിനമായി ആചരിക്കുന്നത്.
പ്രതീക്ഷിക്കുന്ന തീയതി: 2027 ഓഗസ്റ്റ് 14 ശനി.
ഹിജ്രി കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഈ തീയതിയിലും മാറ്റം സംഭവിക്കാം.
ഈദ് അൽ ഇത്തിഹാദ് – 2 ദിവസം
യുഎഇയുടെ 56-ാമത് ദേശീയ ദിനം 2027ൽ രണ്ട് ദിവസത്തെ പൊതു അവധിയോടെയാണ് ആഘോഷിക്കുക.
അവധി: ഡിസംബർ 2 വ്യാഴം, ഡിസംബർ 3 വെള്ളി.
ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധിയുമായി ചേർന്നാൽ ഡിസംബർ 2 മുതൽ 5 വരെ തുടർച്ചയായി നാല് ദിവസത്തെ അവധി ലഭിക്കും. ഹിജ്രി കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ള അവധികളുടെ ഔദ്യോഗിക തീയതികൾ ചന്ദ്രക്കല ദർശനത്തിന് ശേഷം മാത്രമേ അന്തിമമായി സ്ഥിരീകരിക്കുകയുള്ളൂ. അതിനാൽ യാത്രകളും മറ്റ് പദ്ധതികളും തയ്യാറാക്കുമ്പോൾ ഔദ്യോഗിക പ്രഖ്യാപനങ്ങൾ കൂടി പരിഗണിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.