കുവൈത്തിൽ നിയമനടപടികൾ കടുപ്പിക്കുന്നു; 5,855 യാത്രാവിലക്ക് നടപടികൾ, ഖജനാവിലെത്തിയത് 8.88 ലക്ഷം ദിനാർ!

കുവൈത്തിൽ ജൂൺ മാസത്തിൽ കോടതി വിധികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വൻതോതിൽ എൻഫോഴ്‌സ്‌മെന്റ് നടപടികൾ പൂർത്തിയാക്കി. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ വിധി നടപ്പാക്കൽ വിഭാഗങ്ങൾ വഴി ആകെ 4,00,519 നടപടികളാണ് ജൂണിൽ പൂർത്തിയാക്കിയത്. നീതിന്യായ മന്ത്രാലയത്തിന് കീഴിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസർച്ച് വകുപ്പിന്റെ കണക്കുകൾ പ്രകാരം, കടക്കാരുടെ പേരിലുള്ള പണമോ സ്വത്തുക്കളോ മൂന്നാം കക്ഷികളുടെ കൈവശമുള്ള സാഹചര്യത്തിൽ അവ പിടിച്ചെടുക്കുന്നതിനുള്ള 83,380 എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ടുകളാണ് ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയത്.

ഇതിന് പിന്നാലെ പിടിച്ചെടുക്കൽ നടപടികൾ പിൻവലിക്കുന്നതിനുള്ള 39,377 റിപ്പോർട്ടുകളും, നിയമപരമായ നില സംബന്ധിച്ച 5,826 റിപ്പോർട്ടുകളും രേഖപ്പെടുത്തി. പിടിച്ചെടുക്കൽ ഒഴിവാക്കുന്നതിനായി 4,983 അപേക്ഷകളും വാഹനങ്ങളിലെ എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുക്കൽ ഒഴിവാക്കാൻ 4,481 അപേക്ഷകളും ലഭിച്ചു. യാത്രാവിലക്ക് ഏർപ്പെടുത്തുന്നതിനായി 4,357 അപേക്ഷകളും, കടക്കാരെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നതിനായി 2,645 അപേക്ഷകളും സമർപ്പിക്കപ്പെട്ടു.

യാത്രാവിലക്ക് വിഭാഗത്തിലും ആയിരക്കണക്കിന് നടപടികൾ

യാത്രാവിലക്ക് വിഭാഗം മാത്രം ജൂണിൽ 5,855 നടപടികൾ പൂർത്തിയാക്കി. ഇതിനൊപ്പം പിരിവുമായി ബന്ധപ്പെട്ട ഫോമുകളും രസീതുകളും ഉൾപ്പെടെ ആകെ 8,88,700 കുവൈത്ത് ദിനാർ രേഖപ്പെടുത്തി.
ഇതിൽ 4,47,753 ദിനാർ കളക്ഷൻ ഫോമുകളിലൂടെയും 4,40,947 ദിനാർ രസീതുകളിലൂടെയുമാണ് പിരിച്ചെടുത്തത്.

ക്യാപിറ്റൽ ഗവർണറേറ്റ് മുന്നിൽ

ഗവർണറേറ്റ് അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ എൻഫോഴ്‌സ്‌മെന്റ് നടപടികൾ രേഖപ്പെടുത്തിയത് ക്യാപിറ്റൽ ഗവർണറേറ്റിലാണ്. ഇവിടെ 1,20,778 നടപടികൾ പൂർത്തിയാക്കി. അഹ്മദി ഗവർണറേറ്റിൽ 75,634, ഹവല്ലിയിൽ 67,452, ഫർവാനിയയിൽ 56,736, ജഹ്റയിൽ 48,744, മുബാറക് അൽ-കബീറിൽ 29,860 നടപടികളുമാണ് പൂർത്തിയാക്കിയത്. ഇതിന് പുറമെ തുറമുഖങ്ങൾ, സുലൈബിയ, കുവൈത്ത് ലോയേഴ്സ് അസോസിയേഷൻ എന്നിവിടങ്ങളിലായി 1,315 നടപടികളും പൂർത്തിയാക്കിയതായി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *