
UAE Satellite Connectivity; മരുഭൂമിയിലോ മലനിരകളിലോ ആകട്ടെ, മൊബൈൽ സിഗ്നൽ ഇല്ലാത്ത ഇടങ്ങളിലും ഇനി നിങ്ങളുടെ സാധാരണ സ്മാർട്ട്ഫോൺ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കാനും സഹായത്തിനായി വിളിക്കാനും സാധിക്കും. യുഎഇ ആസ്ഥാനമായുള്ള സ്പേസ്42 (Space42) എന്ന കമ്പനിയാണ് സാധാരണ ഫോണുകളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചത്.
അബുദാബിയിലെ സ്പേസ്42-ഉം യുഎസ് ആസ്ഥാനമായുള്ള സ്കൈലോ ടെക്നോളജീസും ചേർന്ന് ഒരു സാധാരണ ആൻഡ്രോയിഡ് സ്മാർട്ട്ഫോണും സ്പേസ്42-ന്റെ ‘തുരയ-4’ സാറ്റലൈറ്റും തമ്മിൽ രണ്ട് വശങ്ങളിലേക്കും എസ്എംഎസ് (SMS), എമർജൻസി എസ്ഒഎസ് (SOS) സന്ദേശങ്ങൾ അയച്ച് പരീക്ഷിച്ചു.
ഈ സേവനത്തിനായി ഫോണിൽ പ്രത്യേക ആന്റിനയോ മറ്റ് ഉപകരണങ്ങളോ ഘടിപ്പിക്കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നിലവിലുള്ള സിം കാർഡും ഐഡന്റിറ്റിയും ഉപയോഗിച്ച് തന്നെ ഇത് സാധ്യമാകും. നിലവിൽ ഇന്റർനെറ്റ് ബ്രൗസിംഗോ വീഡിയോ സ്ട്രീമിംഗോ ഈ പരീക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, സിഗ്നൽ ഇല്ലാത്ത ഇടങ്ങളിൽ അത്യാവശ്യ വിവരങ്ങൾ കൈമാറാനും ലൊക്കേഷൻ പങ്കുവെക്കാനും ഇത് സഹായിക്കും.
നേരത്തെ സാറ്റലൈറ്റ് സേവനം ലഭിക്കാൻ പ്രത്യേക ടെർമിനലുകൾ ആവശ്യമായിരുന്നു. എന്നാൽ ‘ഡയറക്ട്-ടു-ഡിവൈസ്’ (D2D) വരുന്നതോടെ ഫോണുള്ള എല്ലാവരും ഈ സേവനത്തിന്റെ ഉപഭോക്താക്കളായി മാറും, എന്ന് സ്പേസ്42 സ്പേസ് സർവീസസ് സിഇഒ അലി അൽ ഹാഷ്മി പറഞ്ഞു. മൊബൈൽ ടവറുകളുടെ പരിധിയിൽ നിന്ന് പുറത്തുപോകുമ്പോൾ ഫോൺ സ്വയം സാറ്റലൈറ്റ് നെറ്റ്വർക്കിലേക്ക് മാറുന്ന രീതിയാണ് ഇതിന്റെ ലക്ഷ്യം.
സ്പെക്ട്രം അഥവാ റേഡിയോ തരംഗങ്ങളുടെ ലഭ്യതയാണ് ഈ സേവനത്തിന്റെ കരുത്ത്. “സ്പെക്ട്രത്തെ ഒരു ഹൈവേ ആയി സങ്കൽപ്പിക്കുക. സ്വന്തമായി പാതയുള്ളതിനാൽ ഞങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായും കുറഞ്ഞ ചിലവിലും ഈ സേവനം എത്തിക്കാൻ സാധിക്കും,” അൽ ഹാഷ്മി വിശദീകരിച്ചു. സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ ഈ സേവനം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യുഎഇയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഇ& (e&), ഇന്തോനേഷ്യയിലെ ടെൽകോംസാറ്റ് എന്നിവയുമായി സ്പേസ്42 കരാറുകളിൽ ഒപ്പിട്ടു കഴിഞ്ഞു. വരും കാലങ്ങളിൽ ഇത് എല്ലാ സ്മാർട്ട്ഫോണുകളിലും ലഭ്യമാകുന്നതോടെ, ലോകത്തിന്റെ ഏത് കോണിലായാലും തടസ്സമില്ലാത്ത ആശയവിനിമയം സാധ്യമാകും. ഫോൺ വിളിക്കുമ്പോൾ അത് സാറ്റലൈറ്റ് വഴിയാണോ അതോ സാധാരണ ടവർ വഴിയാണോ എന്ന് ഉപഭോക്താവ് അറിയേണ്ടി പോലും വരാത്ത വിധം ലളിതവും തടസ്സമില്ലാത്തതുമായ അനുഭവം നൽകുകയാണ് ഈ പദ്ധതിയുടെ അന്തിമ ലക്ഷ്യം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t