
Dubai Shopfront Signage Rules; നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുടെയും കടകളുടെയും നെയിം ബോർഡുകൾ (Signages) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് സിവിൽറ്റി കമ്മിറ്റിയും, ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസവും ബിസിനസ്സ് ഉടമകൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും ദുബായ് മുനിസിപ്പാലിറ്റിയും ചേർന്ന് 2024-ൽ പുറത്തിറക്കിയ ‘ഔട്ട്‌ഡോർ അഡ്വർടൈസിംഗ് മാനുവൽ’ പ്രകാരമുള്ള ആഗോള നിലവാരത്തിലുള്ള മാർഗനിർദ്ദേശങ്ങളാണ് നടപ്പിലാക്കുന്നത്.
പ്രധാന നിബന്ധനകൾ ഇനി പറയുന്നവ
- കടയുടെ മുൻഭാഗത്ത് ഒരു ട്രേഡ് നെയിം മാത്രമേ പ്രദർശിപ്പിക്കാൻ പാടുള്ളൂ. ഒരേ കെട്ടിടത്തിന് മുന്നിൽ ഒന്നിലധികം പേരുകൾ വെക്കാൻ അനുവാദമില്ല.
- ബോർഡുകൾ തിരശ്ചീനമായി മാത്രമേ സ്ഥാപിക്കാവൂ. ലംബമായ (Vertical) ബോർഡുകൾ പാടില്ല. ബോർഡിൽ അറബിക് പേര് ഇംഗ്ലീഷ് പേരിന് മുകളിലായിരിക്കണം നൽകേണ്ടത്.
- നെയിം ബോർഡുകളുടെ ഉയരം, വീതി, കനം എന്നിവ കടയുടെ മുൻഭാഗത്തിന് ആനുപാതികമായിരിക്കണം. അമിതമായ വലിപ്പമുള്ള ബോർഡുകൾ അനുവദിക്കില്ല.
- ബോർഡുകളിലെ വെളിച്ചവും തെളിച്ചവും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണം. തിളക്കമുള്ള വെള്ള പശ്ചാത്തലം (Bright white background) ഉപയോഗിക്കാൻ പാടില്ല.
- സ്ഥാപനത്തിന്റെ പേര് നിശ്ചലമായിരിക്കണം (Static). ആനിമേറ്റഡ് ദൃശ്യങ്ങളോ ചലിക്കുന്ന ഉള്ളടക്കമോ ബോർഡുകളിൽ ഉപയോഗിക്കാൻ പാടില്ല.
കൂടാതെ, കെട്ടിടങ്ങളുടെ ബാൽക്കണികളിലോ, ഒന്നാം നിലയ്ക്ക് മുകളിലുള്ള ഓഫീസുകളുടെയും ക്ലിനിക്കുകളുടെയും പുറം ഭിത്തികളിലോ വ്യാപാര നാമങ്ങൾ സ്ഥാപിക്കുന്നതിനും നിരോധനമുണ്ട്. ഈ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം കൃത്യമായ പരിശോധനകൾ നടത്തും. ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള പെർമിറ്റുകൾ നൽകുന്നതും ഡി.ഇ.ടി തന്നെയാണ്. ദുബായുടെ നഗര സൗന്ദര്യം നിലനിർത്തുന്നതിനും ആഗോളതലത്തിൽ ഏറ്റവും മികച്ച നഗരമായി ദുബായെ മാറ്റുന്നതിനുമായി 2025 അവസാനത്തോടെയാണ് ‘സിവിൽറ്റി കമ്മിറ്റി’ രൂപീകരിച്ചത്. നഗരത്തിന്റെ കാഴ്ചഭംഗി നശിപ്പിക്കുന്ന ഘടകങ്ങൾ ഒഴിവാക്കി, ഏകീകൃതമായ ഒരു ദൃശ്യഭംഗി ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t