
UAE dates zakat rules; യുഎഇയിൽ ഈത്തപ്പഴ വിളവെടുപ്പ് സീസൺ ആരംഭിച്ച പശ്ചാത്തലത്തിൽ, ഈത്തപ്പഴത്തിന് സകാത്ത് നൽകുന്നതുമായി ബന്ധപ്പെട്ട് യുഎഇ ഫത്വ കൗൺസിൽ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സകാത്ത് നൽകേണ്ട സമയം, അതിന്റെ അളവ്, രീതി എന്നിവ വ്യക്തമാക്കിക്കൊണ്ടുള്ള 2026-ലെ 11-ാം നമ്പർ പൊതു ഫത്വയാണ് കൗൺസിൽ പുറത്തിറക്കിയത്.
സകാത്ത് എപ്പോൾ നൽകണം?
വിളവെടുത്ത ശേഷം ഉണക്കിയ ഈത്തപ്പഴത്തിന്റെ ആകെ ഭാരം 541 കിലോ ഉണ്ടെങ്കിൽ സകാത്ത് നൽകൽ മതപരമായി നിർബന്ധമാണ്. ഈന്തപ്പനകൾ ഫാമിലായാലും വീട്ടുപറമ്പിലായാലും ഉടമസ്ഥതയിലുള്ള മറ്റേതെങ്കിലും സ്ഥലത്തായാലും ആകെ ലഭിക്കുന്ന വിളവിന്റെ അളവാണ് ഇതിനായി കണക്കാക്കേണ്ടത്. സ്വന്തം ആവശ്യത്തിനോ വിൽക്കാനോ സമ്മാനമായി നൽകാനോ മാറ്റിവെച്ച വിളവാണെങ്കിലും പരിധിയിൽ കൂടുതൽ ഉണ്ടെങ്കിൽ സകാത്ത് നൽകണം.
എത്ര നൽകണം?
ജലസേചന രീതി അനുസരിച്ചാണ് സകാത്തിന്റെ ശതമാനം കണക്കാക്കുന്നത്:
10 ശതമാനം: മഴവെള്ളം ഉപയോഗിച്ചോ സ്വാഭാവിക ജലസ്രോതസ്സുകൾ വഴിയോ ഉടമയ്ക്ക് പ്രത്യേകിച്ച് സാമ്പത്തിക ചെലവില്ലാതെ നനയ്ക്കുന്ന തോട്ടമാണെങ്കിൽ ആകെ വിളവിന്റെ 10 ശതമാനം സകാത്ത് നൽകണം.
5 ശതമാനം: കിണറുകളിൽ നിന്നോ മറ്റ് ആധുനിക മാർഗ്ഗങ്ങളിലൂടെയോ പണം ചെലവാക്കി നനയ്ക്കുന്ന തോട്ടമാണെങ്കിൽ വിളവിന്റെ 5 ശതമാനമാണ് നൽകേണ്ടത്.
ഈത്തപ്പഴമായോ അല്ലെങ്കിൽ അതിന്റെ വിപണി മൂല്യമോ (പണം) സകാത്തായി നൽകാം. ഈത്തപ്പഴം പഴുത്ത് ഉണങ്ങിയ ശേഷം മാത്രമേ സകാത്ത് നൽകാൻ പാടുള്ളൂ. എന്നാൽ വിളവ് പഴുക്കുന്നതിന് മുമ്പ് തന്നെ വിൽക്കുകയാണെങ്കിൽ അതിന്റെ മൂല്യം കണക്കാക്കി സകാത്ത് നൽകാവുന്നതാണ്.
കമ്പനികൾക്കുള്ള നിയമം
ഫാമുകൾ സ്വന്തമായുള്ള കമ്പനികൾ ജലസേചന രീതിക്കനുസരിച്ച് (5% അല്ലെങ്കിൽ 10%) സകാത്ത് നൽകണം. എന്നാൽ വിളവെടുത്ത ശേഷം ഈത്തപ്പഴം വാങ്ങി കച്ചവടം ചെയ്യുന്ന കമ്പനികൾക്ക് ‘കച്ചവട വസ്തു’ എന്ന നിലയിലാണ് നിയമം ബാധകമാകുന്നത്. ഇത്തരം കമ്പനികൾ ഒരു വർഷം തികയുമ്പോൾ മാർക്കറ്റ് വിലയനുസരിച്ച് 2.5 ശതമാനം സകാത്താണ് നൽകേണ്ടത്.
എവിടെ നൽകണം?
അംഗീകൃത സർക്കാർ സ്ഥാപനങ്ങൾ വഴി മാത്രമേ സകാത്ത് നൽകാവൂ എന്ന് ഫത്വ കൗൺസിൽ നിർദ്ദേശിച്ചു. ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റിന്റെ (Awqaf) സ്മാർട്ട് ആപ്പ് വഴി സകാത്ത് കണക്കാക്കാനും നൽകാനും സൗകര്യമുണ്ട്. സംശയങ്ങൾക്കായി കൗൺസിലിന്റെ വെബ്സൈറ്റോ ആപ്പോ വഴി 24 മണിക്കൂറും സേവനം ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.