
UAE Tax Evasion Crackdown; യുഎഇയിൽ നികുതി വെട്ടിപ്പ് തടയുന്നതിനായി അധികൃതർ നടത്തിയ വ്യാപക പരിശോധനയിൽ 35.8 ലക്ഷത്തിലധികം നിയമവിരുദ്ധ എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 2026-ന്റെ ആദ്യ പകുതിയിൽ ഫെഡറൽ ടാക്സ് അതോറിറ്റിയും (FTA) ദുബായ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഇത്രയും വലിയ ശേഖരം പിടികൂടിയത്. വേപ്പുകൾ (vapes), പാനീയങ്ങൾ തുടങ്ങി ടാക്സ് സ്റ്റാമ്പ് ഇല്ലാത്തതും നികുതി അടയ്ക്കാത്തതുമായ 3,587,315 പാക്കറ്റ് ഉൽപ്പന്നങ്ങളാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ 59 കേസുകൾ രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് നികുതിയിനത്തിലും പിഴയായുമായി ഏകദേശം 82.06 ദശലക്ഷം ദിർഹം (ഏകദേശം 180 കോടിയിലധികം രൂപ) ഈടാക്കാനുണ്ട്. ദുബായ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവുമായി ചേർന്നാണ് എഫ്ടിഎ (FTA) ഈ പരിശോധനകൾ നടത്തിയത്. രാജ്യത്തെ നികുതി നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അനധികൃത വ്യാപാരം തടയാനുമാണ് ഇത്തരം നീക്കങ്ങൾ ഊർജിതമാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായ് പൊലീസുമായുള്ള സഹകരണം രാജ്യത്തെ ടാക്സ് കൺട്രോൾ സംവിധാനത്തെ കൂടുതൽ ശക്തമാക്കിയെന്ന് എഫ്ടിഎ ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ മുല്ല പറഞ്ഞു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനകൾ നിയമലംഘനങ്ങൾ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നികുതി വെട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അത് റിപ്പോർട്ട് ചെയ്യാൻ ‘റഖീബ്’ (Raqeeb) എന്ന പേരിൽ പ്രത്യേക പ്ലാറ്റ്‌ഫോം നിലവിലുണ്ടെന്ന് എഫ്ടിഎ ടാക്സ് കോംപ്ലയൻസ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ സാറ അൽ ഹബ്ഷി അറിയിച്ചു. വിപണിയുടെ സുരക്ഷിതത്വം ഉറപ്പാക്കാനും പൊതുമുതൽ സംരക്ഷിക്കാനും ജനങ്ങൾ ഇത്തരം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അതോറിറ്റി അറിയിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t