ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് പിന്തുണ നൽകുന്ന സ്ഥാപനങ്ങൾക്ക് അംഗീകാരം; ‘പാരന്റ്‌ഫ്രണ്ട്‌ലി ലേബൽ’ അപേക്ഷാ തീയതി നീട്ടി

ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് അനുകൂലമായ തൊഴിൽ നയങ്ങൾ നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് നൽകുന്ന ‘പാരന്റ്‌ഫ്രണ്ട്‌ലി ലേബൽ’ പദ്ധതിയുടെ നാലാം ഘട്ടത്തിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 14 വരെ നീട്ടിയതായി അബുദാബി എർലി ചൈൽഡ്‌ഹുഡ് അതോറിറ്റി (ECA) അറിയിച്ചു. സെമി-ഗവൺമെന്റ്, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ നിന്ന് പ്രതീക്ഷിച്ചതിലും വലിയ പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് അപേക്ഷാ കാലാവധി നീട്ടാൻ തീരുമാനിച്ചത്. കൂടുതൽ സ്ഥാപനങ്ങൾക്ക് അപേക്ഷാ നടപടികൾ പൂർത്തിയാക്കി പദ്ധതിയുടെ ഭാഗമാകാൻ അവസരം ലഭിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് തൊഴിലും കുടുംബജീവിതവും സന്തുലിതമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന തൊഴിൽ നയങ്ങളും സൗകര്യങ്ങളും നടപ്പാക്കുന്ന സ്ഥാപനങ്ങളെയാണ് ‘പാരന്റ്‌ഫ്രണ്ട്‌ലി ലേബൽ’ നൽകി ആദരിക്കുന്നത്. കുടുംബസൗഹൃദ തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഈ വർഷം ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ സർക്കാർ സ്ഥാപനങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടുംബകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പ്രാദേശിക, ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾ ഇതിനോട് മികച്ച താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

യുഎഇ ‘ഫാമിലി ഇയർ’ ആചരിക്കുന്ന പശ്ചാത്തലത്തിൽ, കുടുംബക്ഷേമം ശക്തിപ്പെടുത്തുകയും ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്ന ദേശീയ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പദ്ധതിയുടെ വ്യാപനം. മുൻഘട്ടങ്ങളിൽ പദ്ധതിയിൽ പങ്കെടുത്ത നിരവധി സ്ഥാപനങ്ങൾ ജീവനക്കാരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും കുടുംബസൗഹൃദ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി പുതിയ തൊഴിൽ നയങ്ങളും സൗകര്യങ്ങളും നടപ്പാക്കിയതായി അബുദാബി എർലി ചൈൽഡ്‌ഹുഡ് അതോറിറ്റി അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *