യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കൽ പ്രതിസന്ധി; അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ കിട്ടാതെ പ്രവാസികൾ ദുരിതത്തിൽ

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കാൻ ശ്രമിക്കുന്ന നിരവധി പ്രവാസികൾക്ക് അപ്പോയിന്റ്മെന്റ് ലഭിക്കാത്തത് വലിയ പ്രതിസന്ധിയായി മാറുന്നു. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുമ്പോൾ ഭൂരിഭാഗം പേർക്കും “No Slots Available” എന്ന സന്ദേശമാണ് ലഭിക്കുന്നത്. ഇതോടെ പാസ്‌പോർട്ട് പുതുക്കൽ നടപടികൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പുതിയ ഔട്ട്‌സോഴ്‌സിങ് സംവിധാനം നിലവിൽ വന്നിട്ടും ആവശ്യത്തിന് അപ്പോയിന്റ്മെന്റ് ലഭ്യമാകാത്തതാണ് പ്രധാന പരാതി. അവധിക്കായി നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നവരും വിസ പുതുക്കേണ്ടവരും കാലാവധി അവസാനിക്കാൻ പോകുന്ന പാസ്‌പോർട്ട് കൈവശമുള്ളവരുമാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ജോലി, താമസരേഖ, യാത്ര തുടങ്ങിയ ആവശ്യങ്ങൾക്കായി അടിയന്തരമായി പാസ്‌പോർട്ട് പുതുക്കേണ്ടവർക്കും ഇത് തിരിച്ചടിയായിരിക്കുകയാണ്.

പാസ്‌പോർട്ട്, കോൺസുലർ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന അൽഹിന്ദ് യുഎഇയിലാകെ 16 സേവന കേന്ദ്രങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. അബൂദബിയിൽ ആറ്, ദുബൈയിൽ രണ്ട് (ബർ ദുബൈ യു.ഡബ്ല്യു. മാൾ, ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക്), ഷാർജയിൽ രണ്ട് (അൽ മജാസ്, റോള), വടക്കൻ എമിറേറ്റുകളിലായി ആറ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ബർ ദുബൈയിലെ യു.ഡബ്ല്യു. മാളിലുള്ള കേന്ദ്രത്തിൽ ഉൾപ്പെടെ ദിവസേന വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സാധാരണ അപ്പോയിന്റ്മെന്റ് ലഭിക്കാത്തതിനാൽ പലരും ഉയർന്ന ഫീസ് നൽകി തത്കാൽ സേവനം തിരഞ്ഞെടുക്കേണ്ട അവസ്ഥയിലാണ്. 36 പേജുള്ള സാധാരണ പാസ്‌പോർട്ട് പുതുക്കാൻ 477 ദിർഹവും തത്കാൽ അപേക്ഷയ്ക്ക് 927 ദിർഹവുമാണ് നിലവിലെ നിരക്ക്.

consularsevainuae.com എന്ന വെബ്‌സൈറ്റിലൂടെയാണ് മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടത്. ദിവസവും രാവിലെ 9 മണിക്കും രാത്രി 9 മണിക്കും പുതിയ സ്ലോട്ടുകൾ തുറക്കുന്നുണ്ടെങ്കിലും അവ ഏതാനും നിമിഷങ്ങൾക്കകം തന്നെ മുഴുവനായും ബുക്ക് ചെയ്യപ്പെടുന്നതായി അപേക്ഷകർ പറയുന്നു.
അപ്പോയിന്റ്മെന്റ് ലഭിച്ച ശേഷവും സേവന കേന്ദ്രങ്ങളിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യമുണ്ടെന്ന പരാതിയും വ്യാപകമാണ്. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ കൗണ്ടറുകൾ ആരംഭിക്കണമെന്നും ദിവസേന ലഭ്യമാക്കുന്ന സ്ലോട്ടുകളുടെ എണ്ണം വർധിപ്പിക്കണമെന്നും അടിയന്തര ആവശ്യക്കാർക്കായി പ്രത്യേക സൗകര്യം ഒരുക്കണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു. മുൻപ് ഉണ്ടായിരുന്നതുപോലെ കൂടുതൽ സൗകര്യപ്രദമായ അപ്പോയിന്റ്മെന്റ് സംവിധാനം പുനഃസ്ഥാപിക്കണമെന്നും അവർ അഭ്യർഥിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version