
Dubai Rent Laws; ദുബായിൽ താമസച്ചെലവ് കുറയ്ക്കുന്നതിനായി അപ്പാർട്ട്‌മെന്റുകൾ മറ്റൊരാളുമായി പങ്കിടുന്നവർക്കും മുറികൾ വാടകയ്ക്ക് നൽകുന്നവർക്കുമായി അധികൃതർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 2026-ലെ 4-ാം നമ്പർ നിയമപ്രകാരം, ദുബായിലെ ഷെയേർഡ് ഹൗസിംഗ് സംവിധാനങ്ങൾ ഇപ്പോൾ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ്. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമവിരുദ്ധമായ രീതിയിൽ ആളുകളെ കുത്തിനിറച്ച് താമസിപ്പിക്കുന്നത് തടയുന്നതിനുമാണ് സർക്കാർ ഇത്തരമൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. ദുബായിലെ നിലവിലെ വാടക നിയമങ്ങൾ അനുസരിച്ച്, ഒരു വാടകക്കാരൻ തന്റെ അപ്പാർട്ട്‌മെന്റോ അതിലെ മുറികളോ കെട്ടിട ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ മറ്റൊരു വ്യക്തിക്ക് നൽകാൻ പാടില്ല. വാടക കരാറിൽ ഉപവാടക നൽകാൻ അനുവാദമുണ്ടെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാത്രമേ ഇതിന് ഇളവ് ലഭിക്കുകയുള്ളൂ. കെട്ടിട ഉടമയുടെ സമ്മതമില്ലാതെ മുറി പങ്കിടുന്നത് കരാർ ലംഘനമായി കണക്കാക്കുകയും ഇത് വാടകക്കാരനെ ഒഴിപ്പിക്കുന്നതുൾപ്പെടെയുള്ള കടുത്ത നിയമനടപടികളിലേക്ക് നയിക്കുകയും ചെയ്യും. പുതിയ നിയമപ്രകാരം, ഷെയേർഡ് ഹൗസിംഗിനായി ഉപയോഗിക്കുന്ന ഓരോ യൂണിറ്റിനും ദുബായ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക പെർമിറ്റ് നിർബന്ധമാണ്. കെട്ടിട ഉടമകൾക്കോ അല്ലെങ്കിൽ അംഗീകൃത ലൈസൻസുള്ള കമ്പനികൾക്കോ മാത്രമേ ഇത്തരത്തിൽ ഷെയേർഡ് ഹൗസിംഗ് പെർമിറ്റിനായി അപേക്ഷിക്കാൻ സാധിക്കൂ. സാധാരണ വാടകക്കാർക്ക് സ്വന്തം നിലയിൽ മുറികൾ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകാനുള്ള അധികാരമില്ല. ഒരു അപ്പാർട്ട്‌മെന്റിൽ എത്ര പേർക്ക് താമസിക്കാം എന്നതിനും കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അനുവദനീയമായ പരിധിയിൽ കൂടുതൽ ആളുകളെ താമസിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. താമസസ്ഥലങ്ങളിലെ ആരോഗ്യ സുരക്ഷ, അഗ്നിശമന സംവിധാനം, വൈദ്യുതി, ശുചിത്വം എന്നിവയിൽ വിട്ടുവീഴ്ചയില്ലാത്ത മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിയമം അനുശാസിക്കുന്നു. നിയമവിരുദ്ധമായി മുറികൾക്കുള്ളിൽ പാർട്ടീഷനുകൾ നിർമ്മിക്കുന്നതിനും ബെഡ് സ്പേസുകളെക്കുറിച്ച് അനധികൃതമായി പരസ്യം നൽകുന്നതിനും വിലക്കുണ്ട്. നിയമലംഘനം നടത്തുന്നവർക്ക് ലംഘനത്തിന്റെ ഗൗരവമനുസരിച്ച് 5 ലക്ഷം ദിർഹം വരെ പിഴ ചുമത്താൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. അതിനാൽ, അപ്പാർട്ട്‌മെന്റ് പങ്കിടാൻ ആഗ്രഹിക്കുന്നവർ വാടക കരാർ കൃത്യമായി പരിശോധിക്കണമെന്നും ഉടമയുടെ രേഖാമൂലമുള്ള അനുമതി ഉറപ്പാക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t