ഐഡി കാർഡ് പരിശോധിക്കാതെ പണം കൈമാറരുത്! കുവൈത്തിൽ വ്യാജ പോലീസിന്റെ തട്ടിപ്പ്

കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന എത്തി ഏഷ്യൻ പ്രവാസിയിൽ നിന്ന് 390 കുവൈത്ത് ദിനാർ തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അലി സബാഹ് അൽ സലേം മേഖലയിലാണ് സംഭവം നടന്നത്. 39 വയസുള്ള ഏഷ്യൻ പ്രവാസിയെ റോഡരികിൽ തടഞ്ഞുനിർത്തിയ പ്രതി, താൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. തുടർന്ന് മയക്കുമരുന്ന് പരിശോധനയാണെന്ന് പറഞ്ഞ് വാഹനത്തിൽ പരിശോധന നടത്തിയ ഇയാൾ, പ്രവാസിയുടെ കൈവശമുണ്ടായിരുന്ന 390 ദിനാർ കൈക്കലാക്കി കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ വ്യാജ പൊലീസ് ഉദ്യോഗസ്ഥനായി ചമയൽ, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.

പ്രതി ഉപയോഗിച്ച വാഹനത്തിന്റെ വിവരങ്ങൾ പരാതിക്കാരൻ പൊലീസിന് കൈമാറിയിട്ടുണ്ട്. വാഹനം മോഷ്ടിച്ചതാകാമെന്നോ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചിരിക്കാമെന്നോ ആണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, പൊലീസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുന്നവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധമായും പരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *