ആൺസുഹൃത്ത് അറസ്റ്റിൽ, കൈക്കുഞ്ഞുമായി തെരുവിലായ മലയാളി അമ്മ…പ്രതീക്ഷയായി എത്തിയത് പ്രവാസി മലയാളികളുടെ കരുതൽ

ഷാർജയിലെ റോള പാർക്കിൽ ഒരു വയസ്സ് പോലും തികയാത്ത കുഞ്ഞിനെ നെഞ്ചോടു ചേർത്ത് അഭയമില്ലാതെ കഴിഞ്ഞിരുന്ന 22-കാരിയായ മലയാളി യുവതിക്ക് ഒടുവിൽ ആശ്വാസമായി പ്രവാസി മലയാളികളുടെ കരുതൽ. വാർത്ത പുറത്തുവന്നതോടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ സഹായഹസ്തവുമായി രംഗത്തെത്തുകയും അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമായ താമസവും ആവശ്യമായ സഹായങ്ങളും ഒരുക്കുകയും ചെയ്തു. യുവതിയെ സംരക്ഷിച്ചിരുന്ന സുഹൃത്ത് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായതോടെയാണ് അവർ പൂർണമായും ഒറ്റപ്പെട്ടത്. താമസിച്ചിരുന്ന ബെഡ്‌സ്‌പേസിന്റെ വാടക നൽകാൻ കഴിയാതെ വന്നതോടെ, കനത്ത വേനൽച്ചൂടിൽ കുഞ്ഞിനെയും കൂട്ടി ഷാർജ റോള പാർക്കിലെ ബെഞ്ചിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ജീവിതം. കൈവശമുണ്ടായിരുന്ന ചെറിയ തുക ഉപയോഗിച്ച് കുഞ്ഞിന് ആവശ്യമായ പാലും ഭക്ഷണവും വാങ്ങിയെങ്കിലും, യുവതി രണ്ട് ദിവസത്തോളമായി മതിയായ ഭക്ഷണമില്ലാതെ കഴിഞ്ഞിരുന്നതായാണ് വിവരം.

വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ സഹായവുമായി മലയാളികൾ

സംഭവം വാർത്തയായതിനെ തുടർന്ന് പാർക്കിന് സമീപം താമസിക്കുന്ന ഒരു മലയാളി കുടുംബം യുവതിയെയും കുഞ്ഞിനെയും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി സുരക്ഷിതമായി താമസിപ്പിച്ചു. തുടർന്ന് അജ്മാനിൽ നിന്നുള്ള സാമൂഹിക പ്രവർത്തകയും ഉസ്മാനിയ തട്ടുകടയുടെ ഉടമയുമായ സൽമ, അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ പ്രീത ശ്രീറാം മാധവ്, സാമൂഹിക പ്രവർത്തകൻ അബ്ദുല്ല കമാനപ്പാലം എന്നിവർ സ്ഥലത്തെത്തി. പിന്നീട് യുവതിയെയും കുഞ്ഞിനെയും അജ്മാനിലെ സുരക്ഷിതമായ താമസസ്ഥലത്തേക്ക് മാറ്റി. സാമൂഹിക പ്രവർത്തകരായ കിരൺ രവീന്ദ്രൻ, അഡ്വ. ഫരീദ്, രാജേന്ദ്രൻ, ഡോ. ആന്റണി തോമസ്, അഞ്ജു, സുരേഷ് തൃശൂർ, നിജാസ്, റംഷാദ്, ഹരിദാസ്, ജിജി, ജിതിൻ, അനീഷ് എന്നിവരടക്കം നിരവധി പേർ സാമ്പത്തികവും മാനുഷികവുമായ സഹായം വാഗ്ദാനം ചെയ്തു. കുഞ്ഞിന് ആവശ്യമായ വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഭക്ഷ്യസാധനങ്ങൾ എന്നിവയും സുമനസ്സുകൾ എത്തിച്ചു.

നിയമനടപടികൾ പുരോഗമിക്കുന്നു

കേരളത്തിൽ പ്ലസ് ടു പഠനത്തിന് ശേഷം പഠനാവശ്യത്തിനായി കൊച്ചിയിലെത്തിയ യുവതി പിന്നീട് സുഹൃത്തുമായി അടുപ്പത്തിലായി. 2024-ൽ ഇരുവരും യുഎഇയിലെത്തി ഷാർജയിൽ ഒരുമിച്ച് താമസിക്കുന്നതിനിടെയാണ് പെൺകുഞ്ഞ് ജനിച്ചത്. എന്നാൽ, ലണ്ടനിൽ നിന്ന് എത്തിയ നിരോധിത ലഹരിവസ്തു ഉൾപ്പെട്ട പാർസൽ സ്വീകരിച്ച കേസിൽ യുവാവ് അറസ്റ്റിലായതോടെ യുവതി ഒറ്റപ്പെടുകയായിരുന്നു. ഇതിനിടെ യുവതിയുടെ വിസയുടെ കാലാവധിയും കഴിഞ്ഞു. നിലവിൽ ഏകദേശം 385 ദിവസത്തെ ഓവർസ്റ്റേയ്ക്ക് 20,000 ദിർഹത്തോളം പിഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഔട്ട്പാസ് ലഭിച്ചാൽ ഈ പിഴ ഒഴിവാക്കാൻ സാധിക്കുമെങ്കിലും, കുഞ്ഞിന് പാസ്‌പോർട്ടും ജനന സർട്ടിഫിക്കറ്റും ഇല്ലാത്തതാണ് പ്രധാന വെല്ലുവിളി.

വിവാഹിതരല്ലാത്ത ദമ്പതികൾക്ക് ജനിച്ച കുട്ടിയുടെ ജനന രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കോടതിയുടെ അനുമതി ആവശ്യമായതിനാൽ, അതിനായുള്ള നിയമനടപടികൾ ആരംഭിച്ചതായി അഭിഭാഷക പ്രീത ശ്രീറാം മാധവ് അറിയിച്ചു. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ നടപടികളും പുരോഗമിക്കുകയാണെന്നും സാമൂഹിക പ്രവർത്തകർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version