യുവതിയെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസ്; വധശിക്ഷ റദ്ദാക്കി യുഎഇ കോടതി

കത്രിക ഉപയോഗിച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കീഴ്ക്കോടതി വിധിച്ച വധശിക്ഷ യുഎഇ ഫെഡറൽ സുപ്രീം കോടതി റദ്ദാക്കി. കേസ് മറ്റൊരു ജുഡീഷ്യൽ ബെഞ്ചിന്റെ മുന്നിൽ പുനർവിചാരണയ്ക്ക് വിടാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പ്രതിയുടെ പ്രധാന വാദങ്ങളും മാനസികാരോഗ്യ പരിശോധന ആവശ്യപ്പെട്ട ഹർജിയും അപ്പീൽ കോടതി വേണ്ടവിധം പരിഗണിക്കുകയോ അവ തള്ളിയതിന്റെ കാരണം വ്യക്തമാക്കുകയോ ചെയ്തില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. ഇത് പ്രതിയുടെ നിയമപരമായ പ്രതിരോധാവകാശത്തെ ബാധിച്ചതായും കോടതി നിരീക്ഷിച്ചു. കെട്ടിടത്തിന്റെ മേൽത്തട്ടിലേക്കുള്ള ഗോവണിയിൽ പതിയിരുന്ന് കത്രിക ഉപയോഗിച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയും, തടയാൻ ശ്രമിച്ച യുവാവിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് നടപടി. ഈ കേസിൽ പ്രതിക്ക് കൊലപാതകത്തിന് വധശിക്ഷയും കൊലപാതകശ്രമത്തിന് ജീവപര്യന്തം തടവും കീഴ്ക്കോടതി വിധിച്ചിരുന്നു. പിന്നീട് അപ്പീൽ കോടതിയും ഈ ശിക്ഷ ശരിവച്ചിരുന്നു.

എന്നാൽ, കൊലപാതക ഉദ്ദേശ്യത്തോടെ ആക്രമണം നടത്തിയതല്ലെന്നും പ്രകോപനത്തിന്റെ പുറത്താണ് സംഭവം നടന്നതെന്നും, തന്റെ മാനസികനില പരിശോധിക്കണമെന്നും കേസ് പുനഃപരിഗണിക്കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. ഇത്തരം നിർണായക വാദങ്ങൾ അപ്പീൽ കോടതി വിശദമായി പരിശോധിക്കാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതി കേസ് വീണ്ടും വിചാരണയ്ക്ക് അയച്ചത്. യുഎഇ നിയമപ്രകാരം എല്ലാ വധശിക്ഷാ വിധികളും നടപ്പാക്കുന്നതിന് മുമ്പ് ഫെഡറൽ സുപ്രീം കോടതിയുടെ നിർബന്ധിത പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. കേസിലെ പ്രതിയുടെ തിരിച്ചറിയൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version