E-bike Delivery Dubai; ദുബായിൽ ഇ-ബൈക്ക് ഡെലിവറി വിപുലീകരിക്കുന്നു; മറീനയും ജെഎൽടിയും ഉൾപ്പെടെ ഏഴ് പുതിയ മേഖലകൾ കൂടി പട്ടികയിൽ

E-bike Delivery Dubai; ദുബായിൽ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇ-ബൈക്ക് ഡെലിവറി സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) തീരുമാനിച്ചു. അൽ തവാർ 1, അൽ തവാർ 2, അൽ ഖിസൈസ് 1, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ദുബായ് മീഡിയ സിറ്റി, ജുമൈറ ലേക്ക് ടവേഴ്‌സ് (ജെഎൽടി), ദുബായ് മറീന എന്നീ ഏഴ് പുതിയ മേഖലകളിലാണ് പുതുതായി ഈ സേവനം ലഭ്യമാകുക. നേരത്തെ അൽ കറാമ, അൽ ഹംരിയ, ഉമ്മു ഹുറൈർ, അൽ മൻഖൂൽ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ സേവനം വിജയകരമായതിനെ തുടർന്നാണ് നടപടി. ഇതോടെ പദ്ധതിക്ക് കീഴിലുള്ള ആകെ മേഖലകളുടെ എണ്ണം പതിനൊന്നായി. ദുബായ് കൊമേഴ്‌സ്യൽ ആൻഡ് ലോജിസ്റ്റിക്‌സ് ലാൻഡ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജി 2030-ന്റെ ഭാഗമായാണ് ഈ നീക്കം. സുസ്ഥിരത ഉറപ്പാക്കാനും ഡെലിവറി ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ പരീക്ഷണ ഘട്ടത്തിൽ ഉപഭോക്താക്കൾക്കിടയിൽ 99 ശതമാനവും ഡെലിവറി ജീവനക്കാർക്കിടയിൽ 90 ശതമാനത്തിലധികവും സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. സൈക്കിൾ ട്രാക്കുകളുടെ ലഭ്യത, കച്ചവട സ്ഥാപനങ്ങളുടെയും റെസ്റ്റോറന്റുകളുടെയും സാമീപ്യം, ഡെലിവറി ആവശ്യക്കാരുടെ എണ്ണം എന്നിവ പരിഗണിച്ചാണ് പുതിയ മേഖലകൾ തിരഞ്ഞെടുത്തത്. സ്വകാര്യ മേഖലയിലെ ഡെലിവറി ഓപ്പറേറ്റർമാരുമായി സഹകരിച്ചാണ് ആർടിഎ പദ്ധതി നടപ്പിലാക്കുന്നത്. പൊതു സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മികച്ച സേവനം ഉറപ്പാക്കാൻ കർശനമായ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുബായിലെ ഡെലിവറി മേഖലയിലുണ്ടായ വൻ വളർച്ച കണക്കിലെടുത്ത് സുരക്ഷിതവും ചിട്ടയായതുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ വിപുലമായ നിയന്ത്രണങ്ങളും ലൈസൻസിങ് ചട്ടങ്ങളും ആർടിഎ പരിഷ്കരിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ ഈ മേഖലയിലേക്ക് എത്തിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *