illegal weight-loss products; ഭാരം കുറയ്ക്കുന്ന മരുന്നുകള്‍, സ്ഥാപനങ്ങൾക്കും ഇൻഫ്ലുവൻസർമാർക്കുമെതിരെ നടപടിയെടുത്ത് യുഎഇ

illegal weight-loss products; യുഎഇയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അംഗീകാരമില്ലാത്ത ‘പെപ്റ്റൈഡ്’ മരുന്നുകൾ വിപണനം ചെയ്യുകയും വിൽക്കുകയും ചെയ്ത 71 നിയമലംഘകർക്കെതിരെ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് നടപടിയെടുത്തു. ‘അൽ ഇതിഹാദ്’ പത്രത്തിന് നൽകിയ പ്രസ്താവനയിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. നിയമലംഘനം നടത്തിയ 14 രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുകയും, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ ഓൺലൈൻ വഴി തെറ്റായ രീതിയിൽ പ്രചരിപ്പിച്ച 14 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ നാഷണൽ മീഡിയ അതോറിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. യുഎഇയിൽ വെയ്റ്റ് ലോസ് മരുന്നുകൾക്ക് വലിയ ജനപ്രീതി ലഭിക്കുന്ന പശ്ചാത്തലത്തിലാണ് ഈ കർശന നടപടി. ലൈസൻസില്ലാത്ത ഓൺലൈൻ വിൽപ്പനക്കാരിൽ നിന്നോ സോഷ്യൽ മീഡിയ വഴിയോ മരുന്നുകൾ വാങ്ങരുതെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ലൈസൻസുള്ള ഫാർമസ്യൂട്ടിക്കൽ ഗോഡൗണുകളിൽ വ്യാജ പെപ്റ്റൈഡ് ഉൽപ്പന്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എങ്കിലും, രാജ്യത്ത് തയാറാക്കി നൽകുന്ന മരുന്നുകൾ സുരക്ഷിതത്വവും ഗുണനിലവാരവും പുലർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫാർമസികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഇത്തരം വ്യാജ വിപണനം ഏറ്റവും കൂടുതൽ നടക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. “100% സ്വാഭാവികം”, “തികച്ചും സുരക്ഷിതം”, “മാന്ത്രിക മരുന്ന്” തുടങ്ങിയ ആകർഷകമായ പരസ്യങ്ങൾ നൽകിയാണ് ഉപഭോക്താക്കളെ ഇവർ തെറ്റിദ്ധരിപ്പിക്കുന്നത്. ലിമിറ്റഡ് ലൈസൻസുള്ള ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളിൽ ഇത്തരം നിയമലംഘനങ്ങൾ വളരെ കുറവാണെന്നും, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലാണ് കൂടുതൽ തട്ടിപ്പുകൾ നടക്കുന്നതെന്നും ഇന്‍സ്പെക്ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടർ ഫാരസ് അൽ മസ്മി പറഞ്ഞു. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്ന ‘റെറ്റാട്രൂറ്റൈഡ്’ എന്ന വെയ്റ്റ് ലോസ് കുത്തിവെപ്പ് ഉൾപ്പെടെയുള്ള അംഗീകാരമില്ലാത്ത പെപ്റ്റൈഡ് ഉൽപ്പന്നങ്ങൾ വാങ്ങരുതെന്ന് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് മുന്നറിയിപ്പ് നൽകി. റെറ്റാട്രൂറ്റൈഡ് നിലവിൽ ക്ലിനിക്കൽ ട്രയൽ (പരിശോധനാ) ഘട്ടത്തിലാണെന്നും യുഎഇയിൽ ഇതിന്റെ ഉപയോഗത്തിനോ വിതരണത്തിനോ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, യുഎഇയിൽ വൈദ്യശാസ്ത്രപരമായി അംഗീകാരമുള്ള വെയ്റ്റ് ലോസ് ചികിത്സകൾക്ക് ഡിമാൻഡ് വർദ്ധിച്ചുവരികയാണ്. ഈ വർഷം ആദ്യത്തിൽ അമിതവണ്ണമുള്ളവർക്ക് കഴിക്കാവുന്ന ‘വിഗോവി’ ഗുളികയ്ക്ക് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് അംഗീകാരം നൽകിയിരുന്നു. അമേരിക്കയ്ക്ക് ശേഷം ഈ മരുന്നിന് അനുമതി നൽകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് യുഎഇ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version