ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത്; ഗൂഗിളും മൈക്രോസോഫ്റ്റുമായി കൈകോർക്കും

കുവൈത്ത് സിറ്റി: കുട്ടികളുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളും തീരുമാനങ്ങളും ഉടൻ പുറത്തിറക്കുമെന്ന് കുവൈത്തിലെ കമ്മ്യൂണിക്കേഷൻസ് & ഐ.ടി സ്റ്റേറ്റ് മന്ത്രിയും ആക്ടിംഗ് ഇൻഫർമേഷൻ-കൾച്ചർ മന്ത്രിയുമായ ഒമർ അൽ-ഒമർ. കുടുംബ സംരക്ഷണം എന്നത് ഒരു വകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും, വിവിധ സർക്കാർ ഏജൻസികൾ ചേർന്നുള്ള സംയുക്ത പ്രവർത്തനത്തിന്റെ പുതിയ മാതൃകയാണ് ഇതിനായി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ സർക്കാർ മൊബൈൽ ആപ്പുകൾ വെവ്വേറെ വികസിപ്പിക്കുന്നതിന് പകരം, എല്ലാ സർക്കാർ സേവനങ്ങൾക്കും ‘സഹൽ’ ആപ്പ് ഏകീകൃത പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കായി മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ പ്രമുഖ ആഗോള സാങ്കേതിക സ്ഥാപനങ്ങളുമായുള്ള സഹകരണവും പ്രയോജനപ്പെടുത്തും. കുട്ടികളുടെ ഓൺലൈൻ ഉപയോഗം നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുന്നത് എളുപ്പമാണെങ്കിലും അത് കൃത്യമായി നടപ്പാക്കുന്നതും നിയമലംഘനം നടത്തുന്ന വിദേശ കമ്പനികൾക്കെതിരെ വരെ നടപടി സ്വീകരിക്കുന്നതുമാണ് പ്രധാന വെല്ലുവിളിയെന്ന് അൽ-ഒമർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെയും യുഎഇയുടെയും വിജയകരമായ മാതൃകകൾ കുവൈത്ത് പഠിച്ചുവരികയാണ്. ദേശീയ സൈബർ സുരക്ഷാ കേന്ദ്രം, കമ്മ്യൂണിക്കേഷൻസ് അതോറിറ്റി, നീതിന്യായ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ഇതിനായുള്ള ശക്തമായ നിയമനിർമ്മാണം തയ്യാറാക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *