UAE Supreme Court; കത്രിക കൊണ്ട് യുവതിയെ കുത്തിക്കൊന്ന കേസ്: പ്രതിയുടെ വധശിക്ഷ യുഎഇ സുപ്രീം കോടതി റദ്ദാക്കി

UAE Supreme Court ; യുവതിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് അപ്പീൽ കോടതി വിധിച്ച വധശിക്ഷ യുഎഇ ഫെഡറൽ സുപ്രീം കോടതി റദ്ദാക്കി. പ്രതിഭാഗത്തിന്റെ വാദങ്ങൾ വേണ്ട രീതിയിൽ പരിശോധിച്ചില്ലെന്നും പ്രതിയുടെ പ്രതിരോധത്തിനുള്ള അവകാശം ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് പരമോന്നത കോടതിയുടെ നടപടി. കേസ് പുതിയ ജുഡീഷ്യൽ പാനലിന് കീഴിൽ വീണ്ടും വിചാരണ ചെയ്യുന്നതിനായി അപ്പീൽ കോടതിയിലേക്ക് തന്നെ തിരിച്ചയച്ചു. താമസസ്ഥലത്തെ കെട്ടിടത്തിന്റെ ഗോവണിപ്പടിയിൽ വെച്ച് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി എന്നതാണ് പ്രതിക്കെതിരെയുള്ള പ്രധാന കുറ്റം. കൊലപാതകം ആസൂത്രിതമാണെന്നും മൂർച്ചയുള്ള കത്രിക കരുതിവെച്ച് യുവതി തനിച്ചാകുന്നത് വരെ പ്രതി കാത്തിരുന്നതായും പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു. യുവതിയെ കൂടാതെ മറ്റൊരു യുവാവിനെ കൂടി വധിക്കാൻ ശ്രമിച്ചതായും ഇയാൾക്കെതിരെ കുറ്റമുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയ്ക്ക് ശേഷമാണ് രക്ഷപ്പെട്ടത്. നേരത്തെ കേസ് പരിഗണിച്ച വിചാരണ കോടതി പ്രതിക്ക് വധശിക്ഷയും, വധശ്രമത്തിന് ജീവപര്യന്തം തടവും വിധിച്ചിരുന്നു. ഈ വിധി പിന്നീട് അപ്പീൽ കോടതിയും ശരിവെച്ചു. ഇതിനെതിരെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. കൊലപാതകം നടത്തുക എന്ന ലക്ഷ്യം തനിക്കുണ്ടായിരുന്നില്ലെന്നും, സംഭവസമയത്തെ തന്റെ മാനസികാവസ്ഥ പരിശോധിക്കാൻ വിദഗ്ധ പരിശോധന വേണമെന്നുമുള്ള പ്രതിയുടെ വാദം അപ്പീൽ കോടതി പരിഗണിച്ചില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. പ്രകോപനപരമായ സാഹചര്യത്തിലാണ് കുറ്റകൃത്യം നടന്നതെന്നും അതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നുമുള്ള പ്രതിഭാഗത്തിന്റെ ആവശ്യങ്ങൾക്ക് മറുപടി നൽകാനോ അവ പരിശോധിക്കാനോ കോടതി തയ്യാറായില്ല. പ്രതിഭാഗത്തിന്റെ സുപ്രധാനമായ വാദങ്ങൾ പരിശോധിക്കാതെ വധശിക്ഷ വിധി നടപ്പിലാക്കുന്നത് നീതിയുക്തമല്ലെന്ന് കോടതി വ്യക്തമാക്കി. നിയമപ്രകാരം ഓരോ വധശിക്ഷാ വിധിയും നടപ്പിലാക്കുന്നതിന് മുൻപ് സുപ്രീം കോടതിയുടെ പുനഃപരിശോധന നിർബന്ധമാണ്. പ്രതിഭാഗത്തിന്റെ ന്യായമായ ആവശ്യങ്ങൾ കോടതി നിരസിക്കുമ്പോൾ അതിന് വ്യക്തമായ കാരണങ്ങൾ ബോധിപ്പിക്കണമെന്നും, നീതിപൂർവമായ വിചാരണ പ്രതിയുടെ അവകാശമാണെന്നും സുപ്രീം കോടതി വിധിയിൽ ഓർമ്മിപ്പിച്ചു. ഈ സാഹചര്യത്തിലാണ് അപ്പീൽ കോടതിയുടെ വിധി റദ്ദാക്കി കേസ് പുനർവിചാരണയ്ക്ക് ഉത്തരവിട്ടത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version