
വേനൽക്കാലത്ത് ബീച്ചുകളിലേക്ക് എത്തുന്നവർ വ്യക്തിഗത വിവരങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. ബീച്ചുകളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങളിൽ സുരക്ഷാ ബോധവൽക്കരണം വർധിപ്പിക്കുന്നതിനുമായി നടത്തുന്ന പ്രത്യേക പ്രചാരണത്തിന്റെ ഭാഗമായാണ് നിർദേശങ്ങൾ പുറത്തിറക്കിയത്. മൊബൈൽ ഫോണുകൾ, പഴ്‌സുകൾ, പണം, സ്വർണാഭരണങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ ശ്രദ്ധയില്ലാതെ ബീച്ചിൽ ഉപേക്ഷിക്കരുതെന്നും അനാവശ്യമായി ഇത്തരം സാധനങ്ങൾ ബീച്ചിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും പൊലീസ് നിർദേശിച്ചു.
സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ വാഹനം പാർക്ക് ചെയ്ത് പുറത്തിറങ്ങുന്നതിന് മുമ്പ് വാതിലുകൾ പൂർണമായി പൂട്ടിയിട്ടുണ്ടെന്നും ജനലുകൾ അടച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം. ചെറിയ സമയത്തേക്ക് പോലും വാഹനം വിട്ടുനിൽക്കുമ്പോൾ ഈ മുൻകരുതൽ പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
ബീച്ചുകളിലോ സമീപ പ്രദേശങ്ങളിലോ സംശയാസ്പദമായ നീക്കങ്ങളോ നിയമവിരുദ്ധ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ദുബായ് പൊലീസിനെ അറിയിക്കണം. ഇതിനായി ദുബായ് പൊലീസിന്റെ സ്മാർട്ട് ആപ്പിലെ ‘Police Eye’ സേവനം ഉപയോഗിക്കുകയോ 901 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാമെന്ന് പൊലീസ് അറിയിച്ചു. വേനൽ അവധിക്കാലത്ത് ബീച്ചുകൾ സന്ദർശിക്കുന്നവർ ലളിതമായ സുരക്ഷാ മുൻകരുതലുകൾ പാലിച്ചാൽ മോഷണവും മറ്റ് അസ്വസ്ഥതകളും ഒഴിവാക്കി സുരക്ഷിതമായി സമയം ചെലവഴിക്കാനാകുമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t