
പാസ്‌പോർട്ടിന്റെ ആഗോള കരുത്തിൽ വീണ്ടും ചരിത്രനേട്ടം സ്വന്തമാക്കി യുഎഇ. ആഗോള സിറ്റിസൺഷിപ്പും റെസിഡൻസിയും സംബന്ധിച്ച പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തിറക്കിയ ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് പ്രകാരം, ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ യുഎഇ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഈ നേട്ടത്തോടെ യുഎഇ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് ലോകത്തെ 188 രാജ്യങ്ങളിലേക്ക് മുൻകൂട്ടി വിസയില്ലാതെയോ, അല്ലെങ്കിൽ വിസ ഓൺ അറൈവൽ സൗകര്യത്തിലൂടെയോ യാത്ര ചെയ്യാൻ കഴിയും.
ഏറ്റവും പുതിയ റാങ്കിംഗിൽ ജപ്പാനും ദക്ഷിണ കൊറിയയും ഒപ്പമാണ് യുഎഇ രണ്ടാം സ്ഥാനം പങ്കിടുന്നത്. 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കുന്ന സിംഗപ്പൂർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
കഴിഞ്ഞ ജനുവരിയിൽ പ്രസിദ്ധീകരിച്ച റാങ്കിംഗിനെ അപേക്ഷിച്ച് മൂന്ന് സ്ഥാനങ്ങൾ മുന്നേറിയ യുഎഇയാണ് ഇത്തവണ പട്ടികയിൽ ഏറ്റവും വലിയ മുന്നേറ്റം നടത്തിയ രാജ്യം. ഇതോടെ അറബ് ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന സ്ഥാനം യുഎഇ വീണ്ടും നിലനിർത്തി.
മറ്റ് രാജ്യങ്ങളുടെ റാങ്കിംഗ്
- ഒന്നാം സ്ഥാനം: സിംഗപ്പൂർ – 192 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം.
- രണ്ടാം സ്ഥാനം: യുഎഇ, ജപ്പാൻ, ദക്ഷിണ കൊറിയ – 188 രാജ്യങ്ങൾ.
- മൂന്നാം സ്ഥാനം: സ്വീഡൻ – 187 രാജ്യങ്ങൾ.
- നാലാം സ്ഥാനം: ബെൽജിയം, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, അയർലണ്ട്, ഇറ്റലി, ലക്സംബർഗ്, നെതർലാൻഡ്സ്, നോർവേ, സ്പെയിൻ – 186 രാജ്യങ്ങൾ.
- അഞ്ചാം സ്ഥാനം: ഓസ്ട്രിയ, ഗ്രീസ്, മാൾട്ട, പോർച്ചുഗൽ, സ്വിറ്റ്സർലാൻഡ് – 185 രാജ്യങ്ങൾ.
- ആറാം സ്ഥാനം: യുണൈറ്റഡ് കിംഗ്ഡം – 184 രാജ്യങ്ങൾ.
- പത്താം സ്ഥാനം: അമേരിക്ക – 180 രാജ്യങ്ങൾ.
യുഎഇയുടെ പാസ്‌പോർട്ട് കരുത്ത് തുടർച്ചയായി ഉയരുന്നത് രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളും നയതന്ത്ര വിജയങ്ങളും കൂടുതൽ ശക്തമായതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t