
യുഎഇയിൽ നിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മലയാളി യുവാവിന് കസ്റ്റംസ് പരിശോധനയ്ക്കിടെ അപമാനകരമായ ദേഹപരിശോധന നേരിടേണ്ടിവന്നതായി പരാതി. കാസർകോട് എരിയാൽ സ്വദേശി ഹുസൈനാർ മഹ്ഷാദ് മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മിഷണർക്കും നൽകിയ പരാതിയിലാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ജൂലൈ 19-ന് ഫുജൈറയിൽ നിന്ന് കണ്ണൂരിലെത്തിയ മഹ്ഷാദിനോട്, സമീപത്തുള്ള മംഗളൂരു വിമാനത്താവളം ഒഴിവാക്കി കണ്ണൂരിൽ ഇറങ്ങാൻ കാരണം എന്താണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കൈവശം വാങ്ങി ലഗേജുകൾ വിശദമായി സ്കാൻ ചെയ്തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
ഇതിനു പിന്നാലെ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിൽ ഷർട്ട് ഒഴികെയുള്ള എല്ലാ വസ്ത്രങ്ങളും അഴിപ്പിച്ച് ദേഹപരിശോധന നടത്തിയെന്നാണ് പരാതി. പരിശോധനയിൽ നിയമവിരുദ്ധമായ ഒന്നും കണ്ടെത്താനായില്ലെങ്കിലും, പരിശോധനാ രീതി തന്നെ അപമാനകരവും മാനസികമായി വേദനിപ്പിക്കുന്നതുമായിരുന്നുവെന്ന് മഹ്ഷാദ് ആരോപിക്കുന്നു.
പരിശോധനയ്ക്ക് ശേഷം പുറത്തേക്ക് വന്നപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും കൂട്ടംകൂടി നിന്ന് പരിഹസിച്ചുവെന്നും പരാതിയിൽ പറയുന്നു. പരിശോധന നടത്തിയതിലല്ല, അത് നടത്തിയ രീതിയിലും യാതൊരു തെളിവും കണ്ടെത്താതിരുന്നിട്ടും അപമാനിക്കപ്പെട്ടതിലുമാണ് പരാതിയെന്നും മഹ്ഷാദ് വ്യക്തമാക്കി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മിഷണർക്കും പരാതി നൽകിയിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t