Dubai AI Water Testing; വീടുകളിലെ ജലശുദ്ധി പരിശോധിക്കാൻ ഇനി എഐ; പുത്തൻ സാങ്കേതികവിദ്യയുമായി ദുബായ് മുൻസിപ്പാലിറ്റി

Dubai AI Water Testing; വീടുകളിൽ വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും മാരകമായ ബാക്ടീരിയകളുടെ സാന്നിധ്യം നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്തുന്നതിനുമായി എഐ സാങ്കേതികവിദ്യയുമായി ദുബായ് മുനിസിപ്പാലിറ്റി. ദുബായ് സെൻട്രൽ ലബോറട്ടറിയുടെ കീഴിലാണ് ഈ നൂതന സംവിധാനം പ്രവർത്തനമാരംഭിച്ചത്. ജലത്തിലൂടെ പകരുന്ന ‘ലിജിയോണെല്ല’, ‘ഇ-കോളി’ തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളെ പരമ്പരാഗത രീതികളേക്കാൾ വളരെ വേഗത്തിൽ തിരിച്ചറിയാൻ പുതിയ എഐ സംവിധാനം സഹായിക്കും. പരിശോധനാ ഫലങ്ങൾ പൂർണ്ണമായും ഇലക്ട്രോണിക് സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിനാൽ, ജലത്തിൽ എന്തെങ്കിലും തരത്തിലുള്ള മലിനീകരണം കണ്ടെത്തിയാൽ ഉടനടി പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സാധിക്കും. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്ന് ദുബായ് സെൻട്രൽ ലബോറട്ടറി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഹിന്ദ് മഹ്മൂദ് അഹമ്മദ് പറഞ്ഞു. പരിശോധനകൾ വേഗത്തിലാക്കാനും ഫലങ്ങളുടെ കൃത്യത ഉറപ്പാക്കാനും ഈ സംവിധാനം സഹായിക്കും. രാജ്യാന്തര നിലവാരത്തിലുള്ള ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കി ദുബായ് നിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്, അവർ വ്യക്തമാക്കി. വീടുകളിലെ ജലസംഭരണികൾ, ടാപ്പുകൾ, സ്വിമ്മിംഗ് പൂളുകൾ, കുപ്പികളിലല്ലാത്ത കുടിവെള്ള സ്രോതസ്സുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ജലം ഈ പുതിയ സംവിധാനത്തിലൂടെ പരിശോധിക്കാം. മലിനീകരണം നേരത്തെ തന്നെ കണ്ടെത്തുന്നത് വഴി പകർച്ചവ്യാധികൾ തടയാനും ജലസുരക്ഷയിൽ താമസക്കാർക്ക് കൂടുതൽ ആത്മവിശ്വാസം നൽകാനും സാധിക്കും. താമസക്കാർക്ക് പുറമെ ഹോട്ടലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൊതു സൗകര്യങ്ങൾ എന്നീ മേഖലകൾക്കും ഈ സേവനം വലിയ ഗുണകരമാകും. ദുബായിയെ ലോകത്തിലെ ഏറ്റവും സുരക്ഷിതവും സ്മാർട്ടുമായ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായാണ് ഈ പുതിയ പദ്ധതിയെ വിലയിരുത്തുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy