Emirates U-Dream; എക്കണോമി ക്ലാസ് യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി അത്യാധുനികമായ ‘U-Dream’ അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ അവതരിപ്പിച്ച് എമിറേറ്റ്സ് എയർലൈൻ. ദീർഘദൂര യാത്രകളിൽ യാത്രക്കാർക്ക് മികച്ച വിശ്രമവും ഉറക്കവും ഉറപ്പാക്കുന്നതിനായി ഈ സാങ്കേതികവിദ്യ വിന്യസിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനക്കമ്പനിയായി എമിറേറ്റ്സ് മാറി.
എന്താണ് U-Dream ഹെഡ്‌റെസ്റ്റ്?
യാത്രക്കാരുടെ തലയ്ക്കും കഴുത്തിനും പൂർണ്ണമായ പിന്തുണ നൽകുന്ന രീതിയിലാണ് U-Dream രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലെതർ കൊണ്ട് നിർമ്മിച്ച ഈ ഹെഡ്‌റെസ്റ്റിൽ വശങ്ങളിലേക്ക് മടക്കാവുന്ന ‘വിംഗുകൾ’ ഉണ്ട്. ഇത് ഉറങ്ങുമ്പോൾ തല വശങ്ങളിലേക്ക് ചായുന്നത് തടയുന്നു. യാത്രക്കാരുടെ ഉയരത്തിനും താൽപ്പര്യത്തിനും അനുസരിച്ച് ഇത് മുകളിലേക്കും താഴേക്കും നീക്കാനും ചരിക്കാനും സാധിക്കും. ഇതോടെ യാത്രക്കാർക്ക് പ്രത്യേകം ‘നെക്ക് പില്ലോകൾ’ കരുതേണ്ട ആവശ്യം വരുന്നില്ല. നിലവിൽ എമിറേറ്റ്സിന്റെ മൂന്ന് എയർബസ് A350 വിമാനങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്. ഈ വർഷം അവസാനത്തോടെ എല്ലാ A350 വിമാനങ്ങളിലും ഇത് ഘടിപ്പിക്കും. കൂടാതെ, എമിറേറ്റ്സ് പുതുതായി ഓർഡർ ചെയ്ത 270 ബോയിംഗ് 777X വിമാനങ്ങളിലും ഈ ഹെഡ്‌റെസ്റ്റുകൾ ഉണ്ടായിരിക്കും. 2027 മുതൽ നിലവിലുള്ള എയർബസ് A380, ബോയിംഗ് 777 വിമാനങ്ങളിലും ഇവ ഘടിപ്പിച്ചു തുടങ്ങും. എമിറേറ്റ്സ് പ്രസിഡന്റ് സർ ടിം ക്ലർക്ക് പറഞ്ഞു. ഉപഭോക്തൃ സേവനത്തിന്റെ കാര്യത്തിൽ എമിറേറ്റ്സ് എപ്പോഴും മുന്നിലാണ്. എക്കണോമി ക്ലാസ് യാത്രക്കാരുടെ സൗകര്യത്തിൽ വലിയ മാറ്റമാണ് U-Dream കൊണ്ടുവരുന്നത്. യാത്രക്കാർക്ക് ഇനി കഴുത്ത് തലയണകളുടെ ആവശ്യമില്ല. മികച്ച എക്കണോമി ക്ലാസ് അനുഭവം നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ അടയാളമാണിത്.
പുതിയ എയർബസ് A350 വിമാനങ്ങളിൽ 13.3 ഇഞ്ച് 4K സ്ക്രീനുകൾ, USB-C ചാർജിംഗ് പോർട്ടുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്ലൈറ്റ് എന്റർടൈൻമെന്റ് സിസ്റ്റമായ ‘ice’-ൽ ഇപ്പോൾ 6500-ലധികം ചാനലുകൾ ലഭ്യമാണ്. കൂടാതെ, യാത്രക്കാർക്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി ‘സ്റ്റാർലിങ്ക്’ വൈഫൈ സേവനവും എമിറേറ്റ്സ് വിമാനങ്ങളിൽ നടപ്പിലാക്കി വരികയാണ്. യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് U-Dream ഹെഡ്‌റെസ്റ്റുകൾ നിർമ്മിച്ചിരിക്കുന്നത്. സാഫ്രാൻ സീറ്റ്‌സ് നിർമ്മിക്കുന്ന Z400 സീറ്റുകളുടെ ഭാഗമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
