
സിന്തറ്റിക് ലഹരിവസ്തുക്കളുടെ ഉപയോഗവും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ലഹരിമരുന്ന് കടത്തും തടയാൻ യുഎഇ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സമഗ്ര നടപടികൾ ശക്തമാക്കി. 2024–2031 ദേശീയ ലഹരിവിരുദ്ധ തന്ത്രത്തിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി ഈ നീക്കങ്ങൾ നടപ്പിലാക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റാ അനലിറ്റിക്സ്, ശാസ്ത്രീയ അന്വേഷണരീതികൾ എന്നിവയുടെ സഹായത്തോടെ ലഹരിമരുന്ന് കടത്ത് ശൃംഖലകൾ തിരിച്ചറിയുകയും അവയെ തകർക്കുകയും ചെയ്യുന്നതിൽ നാഷനൽ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അതോറിറ്റി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു. “ലഹരിക്കെതിരായ പോരാട്ടത്തിൽ നമുക്കൊരുമിച്ച് നിൽക്കാം” എന്ന സന്ദേശവുമായി രാജ്യവ്യാപക ബോധവൽക്കരണ ക്യാംപെയിനും പുരോഗമിക്കുകയാണ്. കുടുംബങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ യുവതലമുറയെ ലഹരിയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അതേസമയം, ലഹരിക്ക് അടിമപ്പെട്ടവർക്കായി പൂർണ രഹസ്യതയും നിയമപരമായ സംരക്ഷണവും ഉറപ്പുനൽകുന്ന ‘യുഎഇ ഹിസ്ൻ’ (80044) സേവനവും സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. ഈ സേവനത്തിലൂടെ ചികിത്സയും പുനരധിവാസ സഹായവും ഭയമില്ലാതെ തേടാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സാങ്കേതികവിദ്യ, ബോധവൽക്കരണം, ചികിത്സ, പുനരധിവാസം എന്നിവയെ ഒരുമിച്ച് കൂട്ടിച്ചേർത്ത സമഗ്ര സമീപനത്തിലൂടെയാണ് യുഎഇ ഈ വെല്ലുവിളിയെ നേരിടുന്നതെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t