യുഎഇയിൽ സിന്തറ്റിക് ലഹരിക്കെതിരെ കർശന മുന്നറിയിപ്പ്; ആദ്യ ഉപയോഗം തന്നെ മരണത്തിലേക്ക് നയിച്ചേക്കാം

സിന്തറ്റിക് ലഹരിമരുന്നുകൾ ആദ്യമായി ഉപയോഗിക്കുന്നതുതന്നെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമാകാമെന്ന് യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകി. ഓരോ ബാച്ചിലെയും രാസഘടനയും വീര്യവും വ്യത്യസ്തമായതിനാൽ ഇവ ശരീരത്തിൽ എങ്ങനെ പ്രതികരിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. നാഷനൽ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അതോറിറ്റിയും യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസും സംയുക്തമായി നടത്തുന്ന ദേശീയ ലഹരിവിരുദ്ധ ബോധവത്കരണ ക്യാംപെയ്നിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്ന സിന്തറ്റിക് ലഹരിവസ്തുക്കൾ അമിതമായി ഉപയോഗിച്ചാൽ ജീവൻ പോലും അപകടത്തിലാകാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. “ഒറ്റത്തവണ പരീക്ഷിച്ചാൽ പ്രശ്നമില്ല”, “പഠനത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കും”, “ഊർജം വർധിക്കും” തുടങ്ങിയ തെറ്റായ വാഗ്ദാനങ്ങളിലൂടെയാണ് ലഹരി മാഫിയ യുവാക്കളെ വലയിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ഇത്തരം ലഹരിവസ്തുക്കൾ വിഷാദരോഗം, മാനസിക അസ്വസ്ഥത, പെരുമാറ്റ വ്യതിയാനം തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും അധികൃതർ പറഞ്ഞു. കുട്ടികളിലും യുവാക്കളിലും പെട്ടെന്നുള്ള സ്വഭാവമാറ്റം, ഉറക്കക്കുറവ്, അകാരണ ദേഷ്യം, സാമൂഹിക അകലം പാലിക്കൽ, പെട്ടെന്നുള്ള ഭാരക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മാതാപിതാക്കളും അധ്യാപകരും ഉടൻ ഇടപെടണമെന്നും നിർദേശമുണ്ട്. ലഹരിയാസക്തി തടയുന്നതിൽ നേരത്തെയുള്ള ചികിത്സയും ഇടപെടലും നിർണായകമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു. സഹായം ആവശ്യമുള്ളവർക്ക് നാഷനൽ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അതോറിറ്റിയുടെ 80044 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാം. സ്വമേധയാ ചികിത്സ തേടുന്നവർക്ക് നിയമപരമായ സംരക്ഷണവും വിവരങ്ങളുടെ പൂർണ രഹസ്യസ്വഭാവവും ഉറപ്പുനൽകുമെന്നും അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version