
കുവൈത്തിലെ സാൽമി മരുഭൂമിയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തെലങ്കാന സ്വദേശിയായ മെക്കാനിക്കൽ എഞ്ചിനീയർ കൈലാഷ് (29)യുടേതാണെന്ന് സ്ഥിരീകരിച്ചു. നിസാമാബാദ് ജില്ലയിലെ ദിച്പള്ളി കോരട്പള്ളി സ്വദേശിയായ കൈലാഷിന്റെ മൃതദേഹം കുവൈത്ത് കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതേ സ്വദേശിയായ 30-കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ഇയാളുടെ പിതാവ് ഗണേഷ് സംഭവത്തിന് പിന്നാലെ ഇന്ത്യയിലേക്ക് കടന്നതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഒളിവിൽ കഴിയുന്ന ഗണേഷിനെ കണ്ടെത്താൻ ഇന്ത്യയിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
പൊലീസ് വിവരങ്ങൾ പ്രകാരം, സാൽമി മേഖലയിലെ ഒരു സ്ഥാപനത്തിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു കൈലാഷ്. ഹെവി ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിന്റെ ഉടമകളായ ഗണേഷും മകനുമായി അടുത്തിടെയാണ് കൈലാഷ് പരിചയത്തിലായത്.
മാർച്ച് 19-ന് തകരാറിലായ ഒരു എക്സ്കവേറ്ററിന്റെ അറ്റകുറ്റപ്പണിക്കായി ഗണേഷും മകനും കൈലാഷിനെ സാൽമി മരുഭൂമിയിലേക്ക് കൊണ്ടുപോയിരുന്നു. അതിന് ശേഷം കൈലാഷിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു.
കൈലാഷിനെ കാണാതായതിനെ തുടർന്ന് കുവൈത്തിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും പൊലീസിൽ പരാതി നൽകി. മാതാപിതാക്കൾ വിദേശകാര്യ മന്ത്രാലയം വഴി കുവൈത്തിലെ ഇന്ത്യൻ എംബസിയിലും പരാതി സമർപ്പിച്ചിരുന്നു. മേഖലയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് അന്വേഷണത്തിൽ കാലതാമസം നേരിട്ടെങ്കിലും പിന്നീട് കുറ്റാന്വേഷണ വിഭാഗം അന്വേഷണം ഊർജിതമാക്കി.
മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചതിൽ മാർച്ച് 19-ന് കൈലാഷും ഗണേഷും ഒരേ മൊബൈൽ ടവർ പരിധിയിലുണ്ടായിരുന്നുവെന്ന് കണ്ടെത്തി. ട്രാഫിക് നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സാൽമിയിലേക്കുള്ള യാത്രയിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്നുവെന്നും, മടങ്ങുമ്പോൾ വാഹനത്തിൽ ഗണേഷ് മാത്രമാണ് ഉണ്ടായിരുന്നതെന്നും വ്യക്തമായി.
ഇതിനെ തുടർന്ന് ഗണേഷിന്റെ കുവൈത്തിലുണ്ടായിരുന്ന മകനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞത്. എക്സ്കവേറ്ററിന്റെ അറ്റകുറ്റപ്പണിക്കിടെ ക്രെയിൻ തകർന്ന് വീണ് കൈലാഷ് മരിച്ചതായും, സംഭവം മറച്ചുവെക്കാനും നിയമനടപടികൾ ഒഴിവാക്കാനുമായി താനും പിതാവും ചേർന്ന് മൃതദേഹം മരുഭൂമിയിൽ കുഴിച്ചുമൂടിയതായും ഇയാൾ പൊലീസിന് മൊഴിനൽകി.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സാൽമി മരുഭൂമിയിലെ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഗണേഷ് കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതായാണ് അന്വേഷണത്തിൽ വ്യക്തമായത്. നിലവിൽ നിസാമാബാദ് സ്വദേശമായ സ്വന്തം ഗ്രാമത്തിൽ നിന്ന് ഒളിവിൽ കഴിയുന്നതായി സംശയിക്കുന്ന ഇയാളെ കണ്ടെത്തി കുവൈത്തിലേക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.