Dubai Police Cyber Alert: ഔദ്യോഗികമല്ലാത്ത ഉറവിടങ്ങളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പോലീസ്. ആളുകളുടെ ബാങ്ക് വിവരങ്ങളും പണവും തട്ടിയെടുക്കാൻ ഹാക്കർമാർ പ്രയോഗിക്കുന്ന ‘മികച്ച കെണി’കളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പോലീസ് ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. പഴയ രീതിയിലുള്ള തട്ടിപ്പ് രീതികൾക്ക് പകരം ഓരോ ഉപഭോക്താവിന്റെയും താത്പര്യങ്ങൾക്കനുസരിച്ചുള്ള വ്യാജ ആപ്പുകളാണ് ഇപ്പോൾ ഹാക്കർമാർ നിർമ്മിക്കുന്നത്. നിങ്ങൾ ഇന്റർനെറ്റിൽ തിരയുന്ന കാര്യങ്ങൾ നിരീക്ഷിച്ചാണ് ഇവർ കെണിയൊരുക്കുന്നത്. ഓൺലൈൻ നിക്ഷേപം, ഡെലിവറി സർവീസുകൾ, സെക്യൂരിറ്റി അപ്ഡേറ്റുകൾ എന്നിങ്ങനെ നിങ്ങൾക്ക് ആവശ്യമുള്ള സേവനം എന്ന വ്യാജേനയാകും ഈ ആപ്പുകൾ നിങ്ങളുടെ മുന്നിലെത്തുക. ഇത്തരം അനധികൃത ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷം മുതൽ ഹാക്കർമാരുടെ ആക്രമണം നിശബ്ദമായി തുടങ്ങുന്നു. ആപ്പിലുള്ള മാലിഷ്യസ് സോഫ്റ്റ്വെയറുകൾ ഫോണിലെ ബാങ്കിംഗ് വിവരങ്ങൾ ചോർത്തുകയും ഉടമ അറിയാതെ തന്നെ അക്കൗണ്ടിൽ നിന്ന് പണം കൈമാറ്റം ചെയ്യുകയും ചെയ്യും. ഡിജിറ്റൽ അവബോധം മാത്രമാണ് ഇത്തരം തട്ടിപ്പുകളിൽ നിന്നുള്ള പ്രധാന പ്രതിരോധമെന്ന് ദുബായ് പോലീസിലെ ഇ-ക്രൈം വിഭാഗം വ്യക്തമാക്കി.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ തുടങ്ങിയ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക.
- നിങ്ങളുടെ ലോഗിൻ വിവരങ്ങളോ ഒടിപി കോഡുകളോ ഒരിക്കലും മറ്റാരുമായും പങ്കുവെക്കരുത്.
- വിശ്വസനീയമായ സെക്യൂരിറ്റി സോഫ്റ്റ്വെയറുകൾ മൊബൈലിൽ ഉപയോഗിക്കുക.
ബാങ്ക് ഇടപാടുകൾ അറിയിക്കുന്ന മെസേജ് അലേർട്ടുകൾ പ്രവർത്തനക്ഷമമാക്കുക.
അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കുക.
സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പ് വഴിയോ, 901 എന്ന നമ്പറിൽ വിളിച്ചോ, അല്ലെങ്കിൽ eCrime.ae എന്ന പോർട്ടൽ വഴിയോ വിവരം അധികൃതരെ അറിയിക്കേണ്ടതാണ്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t