SEWA Bill Installments; എമിറേറ്റിലെ ടൂറിസം മേഖലയുടെ വളർച്ചയ്ക്കും സുസ്ഥിരതയ്ക്കും കരുത്തുപകരുന്നതിനായി പുതിയ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ). ടൂറിസം സ്ഥാപനങ്ങളുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തമാക്കുന്നതിനുമായി ആവിഷ്കരിച്ച പ്രത്യേക പാക്കേജ് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരമാണ് നടപ്പിലാക്കുന്നത്. 2026 ഓഗസ്റ്റ് അവസാനം വരെ നീണ്ടുനിൽക്കുന്ന ഈ ആനുകൂല്യങ്ങൾ എമിറേറ്റിലെ ടൂറിസം സംരംഭകർക്ക് വലിയ ആശ്വാസമാകും. പുതിയ പദ്ധതി പ്രകാരം ടൂറിസം സ്ഥാപനങ്ങൾക്ക് തങ്ങളുടെ യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നതിന് ഒരു മാസത്തെ അധിക സമയം അനുവദിക്കും. ബിൽ തുകകൾ ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യത്തിനൊപ്പം, അടുത്ത മൂന്ന് മാസത്തേക്ക് കണക്ഷൻ വിച്ഛേദിക്കുന്നതുമായി ബന്ധപ്പെട്ട പിഴകളിൽ നിന്ന് സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. പുതിയ അക്കൗണ്ടുകൾ തുടങ്ങുന്നവർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക നാല് തവണകളായി അടയ്ക്കാനും സാധിക്കും. ഹോട്ടലുകളിലും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഉപയോഗിക്കാത്ത മീറ്ററുകളുടെ സർവീസ് ഫീ മരവിപ്പിക്കാനും ബാങ്ക് ട്രാൻസ്ഫർ വഴി ബില്ലുകൾ അടയ്ക്കുമ്പോൾ ഈടാക്കുന്ന ചാർജുകൾ സേവ തന്നെ വഹിക്കാനും തീരുമാനമായിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി സേവ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ സംഘം നേരിട്ട് സ്ഥാപനങ്ങൾ സന്ദർശിച്ചു ആനുകൂല്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയും നിക്ഷേപകർ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കുകയും ചെയ്യും. ഷാർജയെ ഒരു ആഗോള ടൂറിസം-നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനും സുസ്ഥിരമായ സാമ്പത്തിക വികസനം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് സേവ കസ്റ്റമർ സർവീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ടൂറിസം മേഖലയിലെ സംരംഭകരുടെ പ്രശ്നങ്ങൾ പഠിച്ച് വരും ദിവസങ്ങളിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാനാണ് അതോറിറ്റിയുടെ തീരുമാനം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t